NationalNews

കുംഭമേളയ്ക്ക് 992 സ്പെഷ്യൽ സർവീസുമായി റെയിൽവേ; പ്രതീക്ഷിക്കുന്നത് 50 കോടി ഭക്തരെ

പ്രയാഗ്‌രാജ്: കുംഭമേളയ്‌ക്ക് എത്തുന്ന ഭക്തർക്കായി സ്‌പെഷ്യൽ സർവീസുമായി റെയിൽവേ. 2025 ജനുവരിയിൽ പ്രയാഗ്‌രാജിലാണ് മഹാ കുംഭമേള സംഘടിപ്പിക്കുക. ഭക്തർക്ക് യാത്ര സുഗമമാക്കാൻ രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചത്. 2025 ജനുവരി 12 നാരംഭിക്കുന്ന കുംഭമേളയിൽ 50 കോടിയോളം തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ. എല്ലാ തീർഥാടകർക്കും സുരക്ഷിതമായ യാത്ര ഒരുക്കാനാണ് റെയിൽവേയുടെ ശ്രമമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഗംഗ യമുനാ സരസ്വതി സംഗമസ്ഥാനമായ പ്രയാഗ്‌രാജിൽ സംഘടിപ്പിക്കുന്ന കുംഭമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും ഭക്തരെത്തുന്ന സാഹചര്യത്തിലാണ് കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റുമായി 933 കോടി രൂപയാണ് റെയിൽവേ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

2019 കുംഭമേളയിൽ ഏകദേശം 24 കോടി ആളുകൾ പങ്കെടുത്തിരുന്നു. 2025 ൽ കൂടുതൽ ഭക്തരെത്തുമെന്ന പ്രതീക്ഷയിലാണ് ട്രെയിൻ സർവീസുകൾ കൂട്ടുന്നത്. റെയിൽവേ സ്റ്റേഷൻ വളപ്പിലെ റോഡ് അറ്റകുറ്റപ്പണികൾ, സിസിടിവി ക്യാമറകൾ, താമസ യൂണിറ്റുകൾ, കാത്തിരിപ്പ് മുറികൾ, വൈദ്യസഹായം എന്നിവയ്‌ക്കായി 495 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *