അര്‍ജുനെ കണ്ടെത്തിയതിന് പിന്നാലെ വിവാദങ്ങൾ. ലോറി ഉടമ മനാഫ് കുടുംബത്തിൻ്റെ വൈകാരികത മാർക്കറ്റ് ചെയ്യുന്നു എന്ന് കുറ്റപ്പെടുത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ രംഗത്തെത്തി. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നൽകിയ എല്ലാവര്ക്കും നന്ദിയുണ്ടെന്നും ജിതിൽ കൂട്ടിച്ചേർത്തു. വൈകാരികമായ മാര്‍ക്കറ്റ് ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം പ്രതികരിച്ചു. എന്നാൽ മനാഫ് കുടുംബം ഉന്നയിച്ച ആരോപണങ്ങൾ തള്ളിയിരുന്നു.
അതേസമയം അർജുൻ്റെ കുടുംബത്തിൻ്റെ ആരോപണം ശരിയാണെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ പറഞ്ഞു. മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നും മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കാർവാർ എസ്പി എം നാരായണ വ്യക്തമാക്കി.
അര്‍ജുനെ കണ്ടെത്തിയശേഷം സഹോദരി അഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ലോറിയുടമ മനാഫ് അർജുൻ്റെ പേരിൽ പണം പിരിക്കുന്നെന്നും ഫണ്ട് പിരിവിൻ്റെ ആവശ്യം കുടുംബത്തിനില്ലെന്നും ജീവിക്കാനുള്ള സാഹചര്യമുണ്ടെന്നും ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. പൊള്ളയായ കാര്യങ്ങൾ പറഞ്ഞ് പരത്തി കുടുംബത്തെ ഇനിയും കുത്തി നോവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മനാഫും സംഘവും 2000 രൂപ വീട്ടിലെത്തി കൈമാറിയെന്നും ഇത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നെന്നും ജിതിൻ ആരോപിച്ചു. ഈ രീതിയിൽ വൈകാരികത ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നത് തുടർന്നാൽ പ്രതികരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അർജുൻ്റെ പേരിൽ ആരും മനാഫിന് പണം നൽകരുതെന്നും കുടുബം ആവശ്യപ്പെട്ടു.
മനാഫ് അമ്മയെ ഉപയോഗിച്ച് വൈകാരികത മാർക്കറ്റ് ചെയ്യുകയാണെന്നും ഈശ്വര്‍ മല്‍പേയും, മനാഫും ചേർന്ന് നാടകം കളിക്കുകയായിരുന്നെന്നും ജിതിൻ കുറ്റപ്പെടുത്തി. ഡ്രഡ്ജർ കൊണ്ടുവരില്ലെന്ന് പറഞ്ഞ് മനാഫ് തങ്ങളെ നിരുത്സാഹപ്പെടുത്തിയെന്നും ലോറിയുടെ കൃത്യമായ സ്ഥാനം ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറയുന്നതിൽ വിലക്കുണ്ടായിരുന്നു. കാർവാർ എസ് പി മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നതായും ജിതിൻ പറഞ്ഞു.