സിനിമയിലൊരു പുതിയ ഘട്ടത്തിലൂടെയാണ് നടന്‍ ജഗദീഷ് കടന്നു പോകുന്നത്. അടുത്തിടെയായി നിരവധി ഗംഭീര ക്യാരക്ടര്‍ റോളുകളിലാണ് താരം എത്തിയിട്ടുള്ളത്. ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ‘എ.ആര്‍.എം’ലും ‘കിഷ്കിന്ധകാണ്ഡം’ലും അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ നേടി.
ഇപ്പോഴിതാ, പുതിയൊരു വേഷത്തെക്കുറിച്ച് താരം നല്‍കിയ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘വാഴ’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് റെഡ‍് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇത് പറഞ്ഞത്. താന്‍ അത്രയും ക്രൂരമായ വേഷമാണ് ആ ചിത്രത്തില്‍ ചെയ്യുന്നത് എന്നാണ് ജഗദീഷ് പറയുന്നത്.
‘സമൂഹത്തില്‍ ഒരിക്കലും മാതൃകയാക്കാനാകാത്ത തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യേണ്ടിവന്നത് . പ്രേക്ഷകര്‍ക്ക് എന്നെ കൊല്ലാന്‍ തോന്നുമെന്ന താരത്തിലുള്ള വേഷമാണ് ആ സിനിമയിൽ എനിക്ക് ഉള്ളത്’ താരം അഭിമുഖത്തില്‍ പറഞ്ഞു. ഈ വെളിപ്പെടുത്തലിന് പിന്നാലെ, ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാര്‍ക്കോയാണ് ആ ചിത്രം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സൂചന.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന, ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ‘മാര്‍ക്കോ’ 30 കോടി ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറാണ്. മിഖായേല്‍ എന്ന ചിത്രത്തിലെ വില്ലന്‍ മാര്‍ക്കോയുടെ സ്പിന്‍ ഓഫ് ആയ ഈ ചിത്രത്തിലേതാണ് ജഗദീഷ് സൂചിപ്പിച്ച വേഷമെന്നു കരുതുന്നു.
ചിത്രത്തിന് മറ്റൊരു സവിശേഷത കൂടി ഉണ്ട്: ‘കെജിഎഫ്’ സംവിധായകന്‍ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയായ ‘മാര്‍ക്കോ’ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ നിരവധി താരനിരയെ അണിനിരത്തുന്ന ചിത്രം കൂടിയാണ്.
ചിത്രത്തില്‍ സിദ്ദിഖ്, ആന്‍സൺ പോള്‍, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.