മോദിക്കും ബിജെപിക്കും വേണ്ടി പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പി ആർ ഏജൻസി തന്നെയാണ് പിണറായിക്ക് വേണ്ടിയും പ്രവർത്തിക്കുന്നതെന്ന് വി ടി ബൽറാം. കെയ്സെൻ മുമ്പ് പോസ്റ്റ് ചെയ്തിരുന്ന മോദി ബിജെപി അനുകൂല പോസ്റ്റുകൾ പങ്കുവെച്ചാണ് കെപിസിസി ഉപാധ്യക്ഷൻ ബൽറാം ആരോപണം ഉന്നയിക്കുന്നത്.
2008 ലാണ് കമ്പനി ആരംഭിക്കുന്നതെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നുണ്ടെങ്കിലും 2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തുന്ന വർഷമാണ് കെയ്സെൻ ഔദ്യോഗിക ഫേസ്ബുക് പേജ് തുടങ്ങുന്നത്. പിന്നാലെയാണ് അതേ കമ്പനി പിണറായിയുടെ പരസ്യവും ഏറ്റെടുക്കുന്നത്. ഇതുവരെ കമ്പനിയുടെ ഇടപെടൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മലപ്പുറം രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രം ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ചതോടെ അത് തള്ളി മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഇത് മുഖ്യനുമായി അഭിമുഖം തരപ്പെടുത്തിയ പിആർ ഏജൻസി നൽകിയ വിവരമാണെന്ന് പത്രം വിശദീകരണം നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഈ ഏജൻസിക്ക് പിണറായിയുമായി മാത്രമല്ല ബിജെപിയുമായും ബന്ധമുണ്ടെന്ന് ബൽറാം ആരോപിക്കുന്നത്.
മലപ്പുറം ജില്ലയേയോ ഒരു പ്രത്യേക മത വിഭാഗത്തെയോ ആക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും മലപ്പുറത്ത് നിന്ന് തന്നെയാണ് ഏറ്റവുമധികം ഹവാല പണവും കള്ളക്കടത്ത് സ്വർണ്ണവും പിടിച്ചതെന്ന പരാമർശം പിണറായി ആവർത്തിച്ചു. എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ പുറത്തുവിടണമെന്ന പ്രതിപക്ഷ നേതാവ് ഉയർത്തിയ ആവശ്യം സർക്കാർ ഗൗനിച്ചില്ല.
അതേസമയം മുഖ്യൻ്റെ ആർഎസ്എസ് ബന്ധം അൻവർ ഉന്നയിച്ചത് പോലെ ശരിയായി വരുമോ എന്ന ആകാംഷയിലാണ് കേരളം. എല്ലാ ആരോപണങ്ങളും മുഖ്യനും റിയാസും നിക്ഷേധിക്കുന്നുണ്ടെങ്കിലും സിപിഎമ്മിലെ മുതിർന്ന നേതാക്കൾ മുഖ്യനെ സംരക്ഷിക്കാൻ രംഗത്ത് വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം മലപ്പുറത്തെ ക്രൈം നിരക്ക് ഉയർത്തി കാണിക്കാൻ പൊലീസിലെ ചില ഉന്നതർ ഗൂഢാലോചന നടത്തുന്നുവെന്ന് അൻവർ ആരോപണം ഉന്നയിച്ചിരുന്നു. അൻവർ വർഗീയ ശക്തികൾക്ക് വഴിപ്പെടുന്നു എന്നും മുഖ്യമന്ത്രി ഇതിനെതിരെ പ്രത്യാരോപണം ഉന്നയിച്ചിരുന്നു.
വിടി ബൽറാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്;