ബ്ലോക്ബസ്റ്റർ ഹിറ്റ് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവന്നു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന് ‘ആലപ്പുഴ ജിംഖാന’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോമഡി സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അതേ സമയം പടത്തിന്റെ ടൈറ്റിലില്‍ പോരാട്ടത്തിന് ഇറങ്ങി നില്ക്കുന്ന ബോക്സറാണ് ഉള്ളത്. മുഖം കാണിക്കാതെയാണ് ബോക്സര്‍ എങ്കിലും നസ്ലെൻ ആണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ ബിഹൈൻഡ് ദ സീൻ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്.
നസ്ലെൻ ചിത്രത്തിനായി നടത്തിയ മേക്ക്ഓവർ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. യുവതാരത്തിന്റെ സമർപ്പണത്തെ സോഷ്യൽ മീഡിയയിൽ വലിയ പരിഗണന ലഭിക്കുന്നു. “സച്ചിൻ ഇനി ജിമ്മനാണ്” എന്നതുപോലുള്ള രസകരമായ കമന്റുകളും ഉയരുകയാണ്.
‘പ്ലാൻ ബി മോഷൻ പിക്ചേർസ്’ന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ‘ആലപ്പുഴ ജിംഖാന’ നിർമ്മിക്കുന്നത്. സിനിമയുടെ തിരക്കഥ ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് രചിച്ചിരിക്കുന്നത്, സംഭാഷണങ്ങൾ രതീഷ് രവിയാണ് ഒരുക്കിയിരിക്കുന്നത്.
സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.