കൂടുതൽ ഹവാല പണം പിടിച്ചത് മലപ്പുറത്ത് നിന്നെന്ന് പിണറായി വിജയൻ

കള്ളക്കടത്തുകാരെയും ഹവാല ഇടപാടുകാരെയും പിടികൂടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Pinarayi vijayan

ഏറ്റവും കൂടുതൽ ഹവാല പണം പിടികൂടുന്നത് മലപ്പുറത്ത് നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം 87 കോടി ഹവാല പണം പിടികൂടി. 2021 ൽ 147 കിലോ ഗ്രാം സ്വർണം പിടികൂടി. ഇതിൽ 124 കിലോ ഗ്രാം കരിപ്പൂർ വിമാനത്താവളം വഴി കടത്തിയത് ആണെന്നും അദ്ദേഹം പറയുന്നു. കള്ളക്കടത്തുകാരെയും ഹവാല ഇടപാടുകാരെയും പിടികൂടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലപ്പുറം ഏറ്റവുമധികം ക്രൈം റേറ്റുള്ള ജില്ലയാക്കി മാറ്റാൻ ആർഎസ്എസ് ബന്ധമുള്ള പൊലീസുകാർ ഇടപെടൽ നടത്തുന്നു എന്ന അൻവർ എംഎൽഎയുടെ ആരോപണം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ദി ഹിന്ദുവിന് നൽകിയ അഭിമുഖം വിവാദമായിരുന്നു. ജില്ലയേയും ഒരു വിഭാഗത്തെയും കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു അഭിമുഖം പ്രസിദ്ധീകരിച്ചത്. എന്നാൽ പിന്നീട് മുഖ്യൻ ഇത് തള്ളുകയും, ദി ഹിന്ദു തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. മുഖ്യനുമായി ചേർന്ന് നിൽക്കുന്ന ഒരു പിആർ ഏജൻസി നൽകിയ വിവരങ്ങൾ കൂട്ടിച്ചേർത്തു എന്നായിരുന്നു പത്രം അധികൃതർ നൽകിയ വിവരം. പത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിക്കുകയായിരിന്നു മുഖ്യമന്ത്രി.

ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് മലപ്പുറത്തിൻ്റെ പരിധിയിലാണെന്നും സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത് കരിപ്പൂരിൽ നിന്നാണെന്നത് യാഥാർഥ്യം ആണെന്നും മുഖ്യൻ പറഞ്ഞു. ഇത് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി വി അൻവർ എംഎൽഎ പറയുന്നപോലെ ആരെങ്കിലും വിളിച്ചുകൂവുന്നത് കേട്ട് തീരുമാനം എടുക്കുന്ന പാർട്ടിയല്ല സിപിഎം എന്നും അദ്ദേഹം പറഞ്ഞു. അൻവറിൻ്റെത് വർഗീയത പടർത്താനുള്ള ശ്രമമാണെന്ന് ജനം തിരിച്ചറിയണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അൻവർ ഉന്നയിച്ച ആരോപണങ്ങൾ എംഎൽഎ ഉന്നയിച്ച ആരോപണം എന്ന നിലയിൽ ഗൗരവത്തിൽ തന്നെ എടുത്തിരുന്നെന്ന് മുഖ്യമന്ത്രി നിലപാട് തിരുത്തി. മുൻപ് അൻവർ ഉന്നയിച്ച ആരോപണം അവജ്ഞയോടെ തള്ളുന്നു എന്നായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സിപിഎം ആർഎസ്എസ് ബന്ധം അൻവർ ഉയർത്തിക്കാട്ടി വിമർശിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംശയത്തിൻ നിഴലിൽ ആക്കിയിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments