വിരുദുനഗര്‍: തമിഴ്‌നാട്ടില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ഉപയോഗിച്ചിരുന്ന ശ്മശാനം മറയ്ക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ നിര്‍മ്മിച്ച അയിത്ത മതില്‍ തകര്‍ത്തു. വിരുദു നഗറിലെ ശിവകാശി താലൂക്കിലെ വിശ്വനാഥം പഞ്ചായത്തിലാണ് അയിത്ത മതില്‍ തകര്‍ത്തത്. ഹിന്ദു ജാതിയിലെ ഉയര്‍ന്നവര്‍ തങ്ങളുടെ ഭൂമിയില്‍ നിന്ന് താഴ്ന്ന ജാതിക്കാരുടെ ശ്മശാനം മറയ്ക്കാ നായിട്ടാണ് ഇപ്രകാരം ചെയ്തത്. ജാതിഹിന്ദുക്കള്‍ കയ്യേറിയ പോറമ്പോക്ക് ഭൂമിയില്‍ 150 മീറ്റര്‍ നീളവും 30 മീറ്റര്‍ ഉയരവുമുള്ള അയിത്ത മതില്‍ ആണ് തിങ്കളാഴ്ച തകര്‍ത്തത്.
പോറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ചതാണെന്നാരോപിച്ച് തമിഴ്നാട് അയിത്തോച്ചാടന മുന്നണി മതിലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് പൊളിക്കുന്നത്. തമിഴ്നാട് അയിത്തോച്ചാടന മുന്നണിയുടെ ജനറല്‍ സെക്രട്ടറി കെ സാമുവല്‍ രാജ് പറയുന്നതനുസരിച്ച്, 120 ഓളം പട്ടികജാതി കുടുംബങ്ങള്‍ വിശ്വനാഥം പഞ്ചായത്തിലെ മാരിയമ്മന്‍ ടെമ്പിള്‍ സ്ട്രീറ്റില്‍ താമസിക്കുന്നു, അവിടെ അവര്‍ക്ക് സവര്‍ണ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേര്‍ന്ന് ശ്മശാനമുണ്ട്.
സവര്‍ണ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നിന്ന് ശ്മശാനം മറയ്ക്കാനാണ് മതില്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മണ്ണിട്ട് വേലികെട്ടിയിരുന്നുവെന്ന് മുന്നണി ജില്ലാ സെക്രട്ടറി കെ മുരുകന്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം മതില്‍ ഇടിഞ്ഞെങ്കിലും അവര്‍ അത് പുനര്‍നിര്‍മിച്ചു. ശ്മശാനം അവരുടെ സ്ഥലങ്ങളില്‍ നിന്ന് മറയ്ക്കുകയായിരുന്നു ലക്ഷ്യം. അത് മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നതിന് തടസ്സമായിരുന്നു. ഇത് സംബന്ധിച്ച് മുന്നണി ജില്ലാ ഭരണകൂടത്തിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.