ഒട്ടും വൈകാതെ തന്നെ നടനും കൈരളി ടി വി ചെയർമാനുമായ മമ്മൂട്ടി സി പി എം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കാൽ നൂറ്റാണ്ടായി കാൽ നൂറ്റാണ്ടിലേറെ സിപിഎം സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുവെങ്കിലും അദ്ദേഹത്തിന് നൽകേണ്ട മാന്യമായ പരിഗണന നൽകിയില്ല. ദേശീയ തലത്തിൽ ലഭിക്കേണ്ട അർഹമായ അംഗീകാരം അദ്ദേഹത്തിന് പല സന്ദർഭങ്ങളിലും നഷ്ടമായത് സി പി എം ബന്ധത്തിന്റെ പേരിലാണെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവരും ഭയപ്പെടുന്നു. പല ഘട്ടങ്ങളിലായി കോൺഗ്രസിൽ നിന്നും സി.പി.എം -ൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറിപ്പിലൂടെ വിമർശിച്ചു.
എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി. കെ.ടി.ജലീൽ അൻവറിൻറെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ടെന്നും കുറിപ്പിൽ വ്യക്താമാക്കി.