മനുഷ്യനുവേണ്ടി നിയമങ്ങൾ വരെ വെട്ടിതിരുത്തപ്പെടുമെന്ന് കേട്ടിട്ടുണ്ട്. അത്തരത്തിലാണ് ക്രിക്കറ്റും ധോണിയും തമ്മിലുള്ള പ്രണയം. നിയമപുസ്തകങ്ങൾ പോലും അതിനുമുന്നിൽ തലകുനിക്കേണ്ടി വന്നു. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണ് എം എസ് ധോണി അഥവാ ആരാധകരുടെ പ്രിയപ്പെട്ട തല.
2019ലെ ഏകദിന ലോകകപ്പിൽ ആണ് ധോണി അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. അപ്രതീക്ഷിതമായി അതേവർഷം ഓഗസ്റ്റിൽ ധോണി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ആരാധക ലോകം ഞെട്ടി. എന്നാൽ പിന്നീട് ഐപിഎൽ സീസണുകളിൽ ചെന്നൈയുടെ തലയായി ധോണിമാറി. മഞ്ഞ ജേഴ്സിയിൽ ഇന്ത്യയുടെ പഴയ നായകനെ കാണാൻ ആരാധകർ ഓരോ വർഷവും ഗാലറിയിൽ നിറഞ്ഞു.
ക്രിക്കറ്റ് കരിയറിലെ അവസാന നിമിഷങ്ങളിലൂടെയാണ് ധോണി ഇപ്പോൾ കടന്നു പോകുന്നത്. ഈ വർഷം ഐപിഎൽ കളിക്കില്ലെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും, അങ്ങനെയൊന്നും ചെന്നൈ ദേശം അവരുടെ തലയെ വിട്ടു കളയില്ല എന്ന റിപ്പോർട്ടാണ് വരുന്നത്.
തലയ്ക്കുവേണ്ടി തിരിച്ചു വരുന്ന നിയമം
ഐപിഎല്ലിൽ വർഷങ്ങൾക്കു മുമ്പ് നിർത്തലാക്കിയ നിയമമായിരുന്നു അൺ ക്യാപ്ഡ് റൂൾ. എന്നാൽ അത് ഈ 2025 മെഗാ ലേലത്തിന് മുന്നോടിയായി തിരിച്ചുവരികയാണ്.
എന്താണ് അൺ ക്യാപ്ഡ് റൂൾ ?
5 വർഷമായി അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ അൺ ക്യാപ്ഡ് പ്ലയേർസ് ആയി ഫ്രാഞ്ചെസി പ്രഖ്യാപിക്കണം. അങ്ങനെ വരുമ്പോൾ അവരെ, അവരുടെ ഫ്രാഞ്ചെസികൾക്കു തന്നെ ചെറിയ തുകയ്ക്ക് നില നിർത്താൻ പറ്റും.
ഇത് മുന്നേയുണ്ടായിരുന്ന റൂൾ ആയിരുന്നു എന്നാൽ 2018ൽ നിർത്തലാക്കി. ശേഷം സി എസ് കെ ആരാധകരുടെ ആവശ്യപ്രകാരമാണ് തിരിച്ചുവരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് (സിഎസ്കെ) വേണമെങ്കിൽ, അവരുടെ മുൻ ക്യാപ്റ്റനായ എംഎസ് ധോണിയെ അൺക്യാപ്പ്ഡ് കളിക്കാരനായി നിലനിർത്താം. പുറത്തിറക്കിയ ഈ ഏഴാം നിയമം ധോണിക്കുള്ളതു തന്നെയാണെന്ന് പ്രതീക്ഷിക്കാം. ഐപിഎല്ലിൽ ഇനിയും ധോണിയുടെ സിക്സറുകൾ പറക്കും.