ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് എലിപ്പനി സ്ഥിരീകരിച്ചു. ശനിയാഴ്ച്ചയാണ് ഇദ്ദേഹത്തിന് എലിപ്പനി സ്ഥിരീകരിച്ചത്. പതിവ് പരിശോധനയ്ക്കായി ബുധനാഴ്ചയാണ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, അവിടെ നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് എലിപ്പന സ്ഥിരീകരിച്ചത്. ലെപ്‌റ്റോസ്‌പൈറോസിസ് എന്ന ബാക്ടീരിയയാണ് ഇത് പരത്തുന്നത്.
ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിച്ചതിന് ശേഷം മുഖ്യമന്ത്രിക്ക് ആരോഗ്യത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ.ആര്‍.കെ.ജസ്വാള്‍ പറഞ്ഞു. ഈ രോഗം മൂലം വൃക്ക തകരാറ്, മെനിഞ്ചൈറ്റിസ്, കരള്‍ പരാജയം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, മരണം എന്നിവയ്ക്ക് കാരണമാകുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) പറയുന്നു.