കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത് വെടിവയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്‌പൻ അന്തരിച്ചു. 54 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. കിടപ്പിലായിരുന്ന പുഷ്‌പനെ ആഗസ്ത് രണ്ടിന് വൈകിട്ടാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാളെ മൃതദേഹം ജന്മദേശമായ കണ്ണൂരിലെ ചൊക്ലിയിലേക്ക് കൊണ്ടുപോകും. വിലാപയാത്രയ്ക്കും പൊതു ദർശനത്തിനും ശേഷം നാളെയാണ് സംസ്‌കാരം. സിപിഎം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു അന്തരിച്ച പുഷ്‌പൻ. വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി പുഷ്‌പന് ആദരാഞ്ജലികൾ നേർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രിയ സഖാവേ, ജീവിക്കുന്നു ഞങ്ങളിലൂടെ, പോരാടുന്നു ഞങ്ങളിലൂടെ, റെഡ് സല്യൂട്ട് എന്നായിരുന്നു ശിവകുട്ടിയുടെ പോസ്റ്റ്.
വിദ്യാഭാസ മേഖലയുടെ സ്വകാര്യ വൽക്കരണത്തിനെതിരെ ഡിവൈഎഫ്ഐ 1994 നവംബര്‍ 25ന് നടത്തിയ സമരത്തിലെ വെടിവയ്പ്പിൽ പരിക്കേറ്റാണ് പുഷ്‌പൻ കിടപ്പിലായത്. കൂത്തുപറമ്പിലെ സമരം അക്രമാസക്തമായതോടെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 5 ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെട്ടിരുന്നു, വെടിയുണ്ടയേറ്റ പുഷ്‌പൻ ശരീരം തളര്‍ന്ന് ശിഷ്ടകാലം കിടപ്പിൽ ആയതാണ് പുഷ്പന്‍.
നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്പന്‍ ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകേണ്ടി വന്നു. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തിരുന്നു.
കൂത്തുപറമ്പിലെ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ അന്ന് മന്ത്രിയായിരുന്ന എം വി രാഘവന്‍ എത്തിയതിനെ തുടർന്ന് ഡിവൈഎഫ്ഐ വാഹനം തടയാൻ ശ്രമിക്കുക ആയിരുന്നു. മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു പൊലീസ് വെടിയുതിർത്തത്. കെ കെ രാജീവന്‍, കെ വി റോഷന്‍, കെ മധു, സി ബാബു, ഷിബുലാല്‍ എന്നിവരാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്.