അൻവർ എംഎൽഎയ്ക്കെതിരെ സിപിഎം കൊലവിളി മുദ്രാവാക്യം മുഴക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം. ഇന്നലെവരെ ഒന്നിച്ച് നിന്ന സഖാക്കൾ ഇന്ന് അൻവറിൻ്റെ ‘കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാറിൽ തള്ളു’മെന്ന് വധഭീഷണി മുഴക്കുന്നത് കമ്മ്യൂണിസം മുന്നോട്ട് വയ്ക്കുന്ന ആൾക്കൂട്ട വയലൻസിൻ്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
അൻവർ ഭാഗമായിരുന്ന ആ ആൾക്കൂട്ടം ലോകം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും അക്രമോത്സുകമായ, ജനാധിപത്യ വിരുദ്ധമായ, മനുഷ്യവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ സൃഷ്ടിയാണെണെന്നും ബൽറാം കുറ്റപ്പെടുത്തി. നേരിയ വിയോജിപ്പ് പോലും സഹിക്കാനാവാത്ത സോഷ്യൽ ഫാഷിസമാണ് നിങ്ങൾ ഇപ്പോഴും കാൽപ്പനികവൽക്കരിക്കുന്ന ആ കമ്മ്യൂണിസമെന്നും ബൽറാം വിമർശിച്ചു.
ഇരുമ്പുമറകൾക്കുള്ളിൽ അടിച്ചമർത്തപ്പെടുന്നത് നീതിയും അഭിപ്രായ, ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളുമാണെന്നും, പരമോന്നത നേതാവിൻ്റെ പ്രീതി നഷ്ടപ്പെട്ടാൽ അര നിമിഷം അതിനകത്ത് തുടരാനാവില്ലെന്നും സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാട്ടി ബൽറാം കുറിച്ചു. പുറത്തുപോവുന്ന നിമിഷം മുതൽ നിങ്ങളവർക്ക് കുലംകുത്തിയും വർഗവഞ്ചകനുമാണെന്നും ബൽറാം ഓർമിപ്പിച്ചു. ചെങ്കൊടി സമഗ്രാധിപത്യത്തിൻ്റെ ഇരകളായ ലക്ഷക്കണക്കിന് നിരപരാധികളുടെ ഹൃദയരക്തത്താൽ പങ്കിലമാണെന്നും ബൽറാം വിമർശിച്ചു.
മുൻപ് അൻവർ ബൽറാമിനെതിരെ നടത്തിയ ആക്ഷേപ പരാമർശങ്ങളും പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരുതരത്തിൽ അൻവർ ഇത് അർഹിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. പിവി അൻവറിൻ്റെ ഇന്നത്തെ അവസ്ഥയിൽ സഹതാപമുണ്ടെന്നും. ആർക്കൊപ്പം നിൽക്കരുത് എന്നതിന് അൻവറിൻ്റെ ഈ അനുഭവം പലർക്കും പാഠമാവട്ടെ എന്നും അദ്ദേഹം പറഞ്ഞു. താങ്കളുടെ സുരക്ഷിതത്വത്തിനായി പ്രത്യേകം ആശംസകൾ നേരുന്നെന്നും പരിഹാസ സ്വരത്തിൽ ബൽറാം പറഞ്ഞു.
അൻവറിനെതിരെ സിപിഎമ്മിനെ സ്നേഹിക്കുന്ന പ്രവർത്തകർ രംഗത്തിറങ്ങണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കി തെരുവിൽ ഇറങ്ങിയത്. ഇതിന് എംവി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുമോ എന്ന ചോദ്യവും ബാക്കിയാണ്.