തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ വിചാരണക്കൊല കേസിൽ ഡീനിനെ തിരിച്ചെടുക്കാനുള്ള ശ്രമത്തിന് തടയിട്ട് ഗവർണറുടെ ഇടപെടൽ. സിദ്ധാര്‍ത്ഥന്‍റെ കൊലയുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസിസ്റ്റൻഡ് വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനമാണ് ഗവർണർ ഇടപെട്ട് മരവിപ്പിച്ചത്. സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്.
എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിയായ സിദ്ധാർത്ഥനെ ക്യാമ്പസിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും, നഗ്നനാക്കി പരസ്യ വിചാരണ ചെയ്‌തെന്നും ദിവസങ്ങളോളം പട്ടിണിക്ക് ഇട്ടെന്നുമാണ് കേസ്. സംഭവത്തിന് തൊട്ടടുത്ത ദിവസം തൂങ്ങിയ നിലയിൽ ശുചിമുറിയിൽ നിന്നാണ് സിദ്ധാര്‍ത്ഥന്‍റെ മൃതദേഹം കണ്ടെടുത്തത്.
2024 ഫെബ്രുവരി പതിനെട്ടിനാണ് മൃതദേഹം കണ്ടെത്തിയത്. ക്യാമ്പസിൽ ഉണ്ടായിട്ടും ഡീൻ ആൾക്കൂട്ട വിചാരണ അറിയാത്ത ഡീൻ എം.കെ.നാരായണനെയും ഹോസ്റ്റൽ ചുതമല ഉണ്ടായിരുന്ന ഡോ. കാന്തനാഥനെയുമാണ് വീഴ്ചയുണ്ടായി എന്ന് കാണിച്ച് മാർച്ച് അഞ്ചിന് സസ്പെൻഡ് ചെയ്തത്. നിലവിൽ ഇവരെ തിരിച്ചെടുക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടെയാണ് തിരിച്ചെടുക്കാൻ സർവകലാശാല ഭരണസമിതി ശ്രമിച്ചത്. എന്നാൽ ഈ നീക്കം ഗവർണർ ഇടപെട്ട് തടയുക ആയിരുന്നു.
സർവകലാശാല ഭരണസമിതിയുടെ വഴിവിട്ട നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നല്‍കിയിരുന്നു. തുടർന്നാണ് ഗവർണർ വിഷയത്തിൽ ഇടപെടുന്നത്.
ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ഹരിപ്രസാദിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ മറവിൽ യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെയെടുക്കാൻ നീക്കം നടത്തുകയായിരുന്നു.
വൈസ് ചാൻസലർ, മാനേജിങ് കൗൺസിൽ അംഗം ടി സിദ്ദിഖ് എംഎല്‍എ ഉൾപ്പടെ നാലു പേർ ഭരണ സമിതിയുടെ തിരിച്ചെടുക്കാനുള്ള നടപടിയോട് വിയോജിച്ചപ്പോൾ കൗൺസിൽ അംഗമായ സച്ചിൻ ദേവ് എംഎല്‍എ ഉൾപ്പടെ 12 പേർ ഡീനിനെയും അസി. വാർഡനെയും പിന്തുണച്ചു.
വെറ്ററിനറി യൂണിവേഴ്സിറ്റി ഭരണസമിതിയുടെ തീരുമാനം അക്കാദമിക സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇത്തരം സംഭവങ്ങൾ ഭൂരിപക്ഷ വോട്ടിന്‍റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കേണ്ടതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യം ഉയർത്തിയിരുന്നു.