സർക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് യുഡിഎഫ് കൺവീനർ

ഒക്ടോബര്‍ 8ന് സെക്രട്ടറിയേറ്റിനു മുന്നിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫ് സമരം

MM Hassan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. പൂരംകലക്കിയതില്‍ ജുഡീഷ്യന്‍ അന്വേഷണം, മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ രാജി, അഴിമതിക്കാരനായ എഡിജിപി എം ആര്‍ അജിത്കുമാറിൻ്റെ സസ്‌പെൻഷൻ, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാകും സമര പരിപാടികൾ ആസൂത്രണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 8ന് സെക്രട്ടറിയേറ്റിനു മുന്നിലും കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫ് നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് എം എം ഹസൻ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സമര പരിപാടികളെക്കുറിച്ച് വ്യക്തമാക്കിയത്.

ഒക്ടോബര്‍ 8 നു ശേഷം യുഡിഎഫ് ഉന്നതാധികാര സമിതി ചേര്‍ന്ന് തുടര്‍ സമരങ്ങളെപ്പറ്റി ആലോചിക്കുമെന്നും. ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം തുടരുമെന്നും ഹസന്‍ വ്യക്തമാക്കി.

പിണറായിയും അൻവറും തമ്മിലുള്ളത് സിപിഎമ്മിലെ ആഭ്യന്തര പ്രശ്നം ആണെന്നും അൻവറിന് യുഡിഎഫ് അഭയം നൽകില്ലെന്നും എം എം ഹസൻ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതലൊന്നും അൻവർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍എസ്എസ് – സിപിഎം അന്തര്‍ധാര പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവാണ്. അതിന് ശക്തിപകരുന്ന പ്രതികരണം മാത്രമാണ് അന്‍വര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിൻ്റെ കാലത്ത് സ്വര്‍ണ്ണക്കടത്ത്, സ്പ്രിങ്കളര്‍ അഴിമതി, മണല്‍ക്കടത്ത്, എഐ ക്യാമറ അഴിമതി, ബ്രൂവറി, കെ ഫോണ്‍ അങ്ങനെ നിരവധി അഴിമതി ആരോപണം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നതാണ്. ഇതിനൊന്നും എതിരെ സിപിഎമ്മിന് യാതൊരു ന്യായീകരണവും ഉണ്ടായിരുന്നില്ലെന്നും എംഎം ഹസൻ ചൂണ്ടിക്കാട്ടി.

ഇതുവരെ അൻവർ കൊള്ളക്കാരുടെ കൂടെയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കുന്ന ഉപജാപക സംഘമുണ്ടെന്നും പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണപക്ഷത്ത് ഇരുന്ന് അവരുടെ കൊള്ളയ്ക്ക് കൂട്ടുന്ന ആളുടെ ആരോപണം എന്ന പ്രാധാന്യം മാത്രമേ യുഡിഎഫ് അൻവറിൻ്റെ ആരോപണങ്ങൾക്ക് നൽകുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനുള്ള ശേഷി കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ട്. മോദി-പിണറായി സര്‍ക്കാരിനോടുമുള്ള ജനങ്ങളുടെ എതിര്‍പ്പിൻ്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിലും വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ ആൾ എത്രവലിയ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെട്ടിട്ട് എന്തുകാര്യമെന്നും അദ്ദേഹം ചോദിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments