തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഡിജിപി ഷെയ്ക്ക് ദർബേഷ് സാഹിബാണ് അജിത് കുമാറിൻ്റെ മൊഴിയെടുത്തത്. ഇത് രണ്ടാം തവണയാണ് അജിത് കുമാറിൻ്റെ മൊഴി രേഖപ്പെടുത്തുന്നത്. അജിത് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. അൻവർ ഉന്നയിച്ച ആരോപനങ്ങളിലും അജിത് കുമാറിൻ്റെ മൊഴി രേഖപ്പെടുത്തും.
ഭരണ പക്ഷ എംഎൽഎ തന്നെ എഡിജിപി എം ആർ അജിത് കുമാറിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ചത് സർക്കാരിനെ ഗുരുതര പ്രതിസന്ധിയിൽ ആക്കിയിരുന്നു. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഘടക കക്ഷികളുടെ ആവശ്യം പോലും കണക്കിലെടുക്കാതെ മുഖ്യൻ ഡിജിപിയെ സംരക്ഷിക്കുകയായിരുന്നു. ഇത് സാഹചര്യങ്ങൾ വീണ്ടും വഷളാക്കി.
അനധികൃത സ്വത്ത് സമ്പാദനം, സ്വർണ്ണകടത്തിലെ പങ്ക്, കൊലപാതകത്തിലെ പങ്ക്, കവടിയാറിൽ ഭൂമി വാങ്ങി, ആഢംബർ വീട് നിര്‍മിക്കുന്നു, ബന്ധുക്കൾക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ അൻവർ ഉയർത്തിയത്.
ആർ എസ് എസ് നേതാക്കളുമായുള്ള അജിത് കുമാർ രഹസ്യ കൂടിക്കാഴ്ച നടത്തിയതും പൂരം കലക്കിയതിലെ ഇടപെടലും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് 20 ദിവസത്തിന് ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. തൃശൂരിലെ ആർഎസ്എസ് ക്യാമ്പിൽ വെച്ച് ആർഎസ്എസിൻ്റെ നമ്പർ ടു നേതാവായ ദത്താത്രേയ ഹൊസബാളെയെ രഹസ്യമായി സന്ദർശിച്ച് ചർച്ച നടത്തിയെന്നാണ് എഡിജിപിക്കെതിരായ ആരോപണം. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തായ ആർഎസ്എസ് നേതാവിനൊപ്പം കൂടിക്കാഴ്ച നടത്തിയതാണ് വിവാദത്തിന് കാരണമായത്.
തൃശൂരിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം കോവളത്ത് മറ്റൊരു ആർഎസ്എസ് നേതാവായ റാം മാധവുമായുള്ളയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്ത് സ്വകാര്യ ആവശ്യത്തിനാണ് രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്, ആരൊക്കെ ഒപ്പമുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.
അതേസമയം അജിത് കുമാറിനെ പദവിയിൽ നിന്ന് മാറ്റാതെ നടത്തുന്ന അന്വേഷണം 2024 ലെ ഏറ്റവും വലിയ തമാശയാണ് എന്നായിരുന്നു ആരോപണം ഉന്നയിച്ച അൻവറിൻ്റെ പ്രതികരണം. അന്വേഷണം പ്രഹസനം ആണെന്ന് പ്രതിപക്ഷവും ആരോപണം ഉയർത്തിയിരുന്നു.