സി.ഇ.ഒ.യുടെ നിയമനത്തെച്ചൊല്ലി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ (ഐ.ഒ.എ.) തര്‍ക്കം രൂക്ഷമാകുകയാണ്, പി ടി ഉഷക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് അംഗങ്ങള്‍ രംഗത്തിറങ്ങി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും,സിഇഒ രഘുറാം അയ്യരുടെ നിയമനം അംഗീകരിക്കാത്തതിനെ തുടർന്ന് ഐഒഎ ആസ്ഥാനത്ത് പ്രസിഡൻ്റ് പി ടി ഉഷയുമായി തർക്കം ഉണ്ടാകുയും ചെയ്തു.
ഐ.ഒ.എ.യുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി രഘുറാം അയ്യരെ നിയമിക്കാന്‍ ജനുവരിയില്‍ തീരുമാനിച്ചിരുന്നു. സീനിയര്‍ വൈസ് പ്രസിഡൻ്റ് അജയ് പട്ടേല്‍ ഉള്‍പ്പെടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ 12 അംഗങ്ങള്‍ ഇതിനെതിരാണ്. രഘുറാമിനുനല്‍കുന്ന ശമ്പളത്തെച്ചൊല്ലിയാണ് വലിയ തര്‍ക്കമുയരുന്നത്. നിയമനം അസാധുവാക്കണമെന്നും പുതിയ അപേക്ഷ ക്ഷണിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഐഒഎ പ്രസിഡൻ്റ് പി.ടി. ഉഷ അംഗീകരിച്ചില്ല. പാരിസ് ഒളിമ്പിക്സില്‍ ചട്ടവിരുദ്ധമായി അധിക പണം ചെലവഴിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളിലും,അംഗങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ട് തർക്കമിപ്പോള്‍ രൂക്ഷമാകുകയാണ്.
സി.ഇ.ഒ.യുടെ നിയമനം കമ്മിറ്റി അംഗീകരിച്ചതാണെന്നും അത് റദ്ദാക്കി നിയമന നടപടികള്‍ വീണ്ടും തുടങ്ങുന്നത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബാധിക്കുമെന്നും ഉഷ അഭിപ്രായപ്പെട്ടു. 2036 ഒളിമ്പിക്‌സ് വേദി സ്വന്തമാക്കാന്‍ ഇന്ത്യ ശ്രമംതുടങ്ങിയിട്ടുണ്ട്. ”രണ്ടുവര്‍ഷത്തോളംനീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സി.ഇ.ഒ.യെ തിരഞ്ഞെടുത്തത്. ഇനി എല്ലാം ആദ്യംതൊട്ട് തുടങ്ങണമെന്നാണ് അംഗങ്ങള്‍ പറയുന്നത്. അത് അംഗീകരിക്കാനാകില്ല.” പി ടി ഉഷ പറഞ്ഞു.