ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലും ട്രഷറി നിയന്ത്രണത്തിലും ആയ സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ ചെലവുകൾക്ക് ഒരു കുറവും വരുത്താൻ ഉദ്ദേശിക്കുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഹെലികോപ്റ്റർ വാടകക്ക് 3.20 കോടി അനുവദിച്ച് കെ.എൻ ബാലഗോപാൽ. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണം. ട്രഷറി നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചതിനാൽ 3.20 കോടിയും ഹെലികോപ്റ്റർ ഉടമകളായ ചിപ്സൺ ഏവിയേഷന് ഉടൻ ലഭിക്കും. ഹെലികോപ്റ്റർ വാടക ഇനത്തിൽ ജൂൺ മാസത്തിൽ 2.4 കോടി രൂപ അനുവദിച്ചിരുന്നു.
ജൂൺ 20 മുതൽ ഒക്ടോബർ 19 വരെയുള്ള 4 മാസത്തെ ഹെലികോപ്റ്റർ വാടകയാണ് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. നാല് മാസത്തെ വാടക ആവശ്യപ്പെട്ട് ജൂൺ 20 ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് പണം നൽകാൻ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിർദ്ദേശം നൽകുക ആയിരുന്നു.
ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷനില്‍ നിന്ന് കേരളാ പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് മുഖ്യമന്ത്രിയുടെ യാത്രാ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷംരൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് ഹെലികോപ്റ്റര്‍ വാടക. സാമ്പത്തിക പ്രയാസത്തിനിടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മാവോവാദി നിരീക്ഷണം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതെന്നാണ് അന്ന് അധികൃതര്‍ നല്‍കിയ വിശദീകരണം.