ഐപിഎല്ലിൽ കിരീടം നേടാത്ത രാജാക്കന്മാരാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരു. താരങ്ങളെ മാറ്റി പരീക്ഷിച്ചും, താരലേലങ്ങളിൽ തിളങ്ങിയും എല്ലാ വർഷവും Rcb മാനേജ്മെൻ്റ് വ്യത്യസ്തമാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.
ഈ വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) അവരുടെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെയും, സ്റ്റാര്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്ലിനെയും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാ ലേലം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ നടക്കാന്‍ സാധ്യതയുണ്ട്. ബിസിസിഐ ഇത്തവണ അഞ്ചോ ആറോ നിലനിര്‍ത്തലുകള്‍ അനുവദിക്കുമെന്നും 2021 ലെ ലേലത്തില്‍ നീക്കം ചെയ്തതിന് ശേഷം റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ഓപ്ഷനും തിരികെ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുണ്ട്.
എന്താണ് “റൈറ്റ് ടു മാച്ച്” ഓപ്ഷൻ?
സാധാരണ ഐപിഎല്ലിലാണ് റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് ഉപയോഗിച്ചു വരുന്നത്. മെഗാ ലേല സമയത്ത്, ലേലത്തിന് മുമ്പുള്ള നിലനിർത്തൽ വഴി ടീമുകൾക്ക് പരിമിതമായ എണ്ണം കളിക്കാരെ നിലനിർത്താൻ അനുവാദമുണ്ട്. എന്നാല്‍ ലേലം അവസാനിച്ചതിന് ശേഷം മറ്റ് ടീമുകൾ ലേലത്തിൽ വിളിച്ച തങ്ങളുടെ ടീമിലെ കളിക്കാരെ നിലനിർത്തുന്നതിന് ഫ്രാഞ്ചൈസികൾക്ക് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കാം.
മറ്റൊരു ഫ്രാഞ്ചൈസി നടത്തിയ ഏറ്റവും ഉയർന്ന ലേലവുമായി പൊരുത്തപ്പെടുത്തിക്കൊണ്ട് മെഗാ ലേലത്തിനിടെ ടീമിലെ മുൻ കളിക്കാരനെ തിരികെ കൊണ്ടുവരാം. 2014-ൽ ഇതിനെ ‘ജോക്കർ കാർഡ്’ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് 2018ലെ മെഗാ ലേലത്തിലാണ് ആർടിഎം കാർഡ് അവസാനമായി ഉപയോഗിച്ചത്.
ക്യാപ്റ്റനായി രാഹുല്‍ എത്തുമോ?
ലേലത്തിന് മുന്നോടിയായി, എല്ലാ കണ്ണുകളും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) യിലാണ്. ഫ്രാഞ്ചൈസി പുതിയ നായകനെ തിരയുന്നു എന്ന സംസാരങ്ങള്‍ ഉണ്ട്. ആര്‍സിബിയുടെ പുതിയ ക്യാപ്റ്റൻ്റെ പേര് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്‍എസ്ജിയുടെ ക്യാപ്റ്റനായി തുടരുന്ന കെഎല്‍ രാഹുലിൻ്റേതാണ്.
അടുത്തിടെ, ലഖ്നൗ സൂപ്പര്‍ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, ഒരു മാധ്യമ സംഭാഷണത്തിനിടെ, കെഎല്‍ രാഹുല്‍ സൂപ്പര്‍ ജയൻ്റ്സ് കുടുംബത്തിൻ്റെ നിര്‍ണായക ഘടകമാണെന്ന് പറഞ്ഞെങ്കിലും താരത്തെ നിലനിര്‍ത്തുമെന്ന കാര്യം നിഷേധിച്ചിരുന്നു. ഇത് രാഹുൽ ഫ്രാഞ്ചൈസി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. അങ്ങനെയെങ്കില്‍ കെഎല്‍ രാഹുല്‍ RCBയുടെ പുതിയ നായകനായി എത്താൻ സാധ്യതയേറെയാണ്.
ഫാഫും മാക്സും പുറത്ത്!
2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 15 മത്സരങ്ങളില്‍ നിന്ന് 29.2 ശരാശരിയിലും 161.62 സ്ട്രൈക്ക് റേറ്റിലും 438 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗില്‍ സൂപ്പറാണ്. എന്നിരുന്നാലും, പ്രോട്ടീസ് താരം ഫാഫ് ഡു പ്ലെസിസിന് 40 വയസ്സായി,അതിനാല്‍ ഈ മെഗാ ലേലം ഫ്രാഞ്ചൈസിക്ക് പുതിയ ക്യാപ്റ്റനെ തേടാനുള്ള അനുയോജ്യമായ സമയമായിരിക്കും.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു റിലീസ് ചെയ്യാന്‍ പോകുന്ന മറ്റൊരു പ്രധാന പേര് ഗ്ലെന്‍ മാക്സ്വെല് ആണ്. ഐപിഎല്‍ 2021 ലേലത്തില്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്ക് ആര്‍സിബി വാങ്ങി. ആ സീസണില്‍ ഗ്ലെന്‍ മാക്സ്വെല് 15 മത്സരങ്ങളില്‍ നിന്ന് 144.10 സ്ട്രൈക്ക് റേറ്റോടെ 513 റണ്‍സ് അടിച്ചുകൂട്ടി, ഇത് ഐപിഎല്‍ 2022 മെഗാ ലേലത്തിന് മുന്നോടിയായി ആര്‍സിബി 11 കോടി രൂപയ്ക്ക് നിലനിര്‍ത്തുന്നതിലേക്ക് നയിച്ചു.
എന്നാല്‍, ഐപിഎല്‍ 2024-ല്‍ ഗ്ലെന്‍ മാക്സ്വെല് ബാറ്റിംഗിലും ബോളിംഗിലും വളരെ മോശമായി. 10 മത്സരങ്ങളില്‍ നിന്ന് 5.78 ശരാശരിയിലും 120.93 സ്ട്രൈക്ക് റേറ്റിലും 52 റണ്‍സ് മാത്രം നേടി. പന്ത് ഉപയോഗിച്ച് 8.06 എക്കണോമിയില്‍ 21.50 ശരാശരിയിലും 16.00 സ്ട്രൈക്ക് റേറ്റിലും 6 വിക്കറ്റുകള്‍ വീഴ്ത്തി.
ആര്‍സിബി മാനേജ്മെൻ്റിന് മുന്‍ഗണന നല്‍കേണ്ട മറ്റ് രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ടെന്നതാണ് ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കുന്നതിന് പിന്നിലെ പ്രധാന കാരണം. വില്‍ ജാക്സിനെയും കാമറൂണ്‍ ഗ്രീനിനെയും ഫ്രാഞ്ചൈസി നിലനിര്‍ത്താന്‍ തയ്യാറാവും അങ്ങനെയെങ്കില്‍ അവരായിരിക്കും ടീമിലെ പ്രധാന അംഗങ്ങള്‍.