മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന് 5 ദിവസം മുൻപു തന്നെ ഈ മാസത്തെ ശമ്പളം അക്കൗണ്ടിലെത്തി. സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ സംഭവിച്ച ഗുരുതര പിഴവു കാരണമാണ് ധനവകുപ്പിനെ അമ്പരപ്പിച്ച് ശമ്പളം നേരത്തേയെത്തിയത്.
സാധാരണ, മാസത്തിലെ ആദ്യ ദിവസം മുതലാണ് ശമ്പളവിതരണം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പള ബിൽ തയാറാക്കുന്നത് മുഖ്യമന്ത്രി ക്കു കീഴിലെ പൊതുഭരണ വകുപ്പാണ്.
പതിവുപോലെ പൊതുഭരണ വകുപ്പ് ഇന്നലെ ശമ്പള ബിൽ തയാറാക്കി ഓൺലൈനായി ട്രഷറിയിലേക്ക് അയച്ചു. സെക്രട്ടേറിയറ്റ് സബ് ട്രഷറിയാണ് ബില്ലുകൾ പാസാക്കി ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കു കൈമാറ്റം ചെയ്യേണ്ടത്.
ബില്ലുകൾ പാസാക്കി മാറ്റിവച്ച ശേഷം ഒന്നാം തീയതിയാണ് അക്കൗണ്ടിലേ ക്ക് കൈമാറുക. എന്നാൽ, ഇന്നലെ ബിൽ പാസാക്കിയതിനു പുറമേ അബദ്ധത്തിൽ അക്കൗണ്ടിലേക്കു കൈമാറുകയും ചെയ്തു. വൈകിട്ട് നാലോടെ പേഴ്സണൽ സ്റ്റാഫിനു ശമ്പളം അക്കൗണ്ടിലെത്തിയതായി എസ്എംഎസ് എത്തി.
ചിലർ ട്രഷറിയിലേക്കു വിളിച്ചു ചോദിച്ചു. അപ്പോഴാണ് അബദ്ധത്തിൽ ശമ്പളം എത്തിയതാണെന്നു വ്യക്ത്തമായത്. അക്കൗണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞതി നാൽ പണം തിരിച്ചെടുക്കാനുമായില്ല.