വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ നിയമത്തിന്റെ കാലാവധി നീട്ടി. നാഗാലാൻഡ് അരുണാചൽ പ്രദേശ് സംസ്ഥാങ്ങളിലെ 11 ജില്ലകളിലാണ് സായുധ സേനകളുടെ പ്രത്യേക അധികാരം ഉറപ്പാക്കുന്ന അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് തീരുമാനം. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യൽ പവർ ആക്റ്റ് ആണ് അഫ്‌സ്പ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. സായുധ സേനകളുടെ അമിതാധികാര പ്രയോഗത്തിൻ്റെ പേരിൽ കുപ്രസിദ്ധമായ നിയമമാണ് അഫ്‌സ്പ.
നാഗാലാൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലുമാണ് നിയമത്തിൻ്റെ കാലാവധി നീട്ടിയത്. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില വിലയിരുത്തിയ ശേഷമാണ് കേന്ദ്രത്തിൻ്റെ തീരുമാനം.
നിയമം ബാധകമായ മേഖലയിൽ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിവെക്കാനും സായുധ സേനകൾക്ക് കൂടുതൽ അധികാരം നൽകുന്നതിൽ വിമർശനം നേരിടുന്നതാണ് ഈ നിയമം. നാഗാലാൻഡിലെ എട്ട് ജില്ലകൾക്ക് പുറമെ മറ്റ് അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളും ഈ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വടക്ക് കിഴക്കൻ മേഖലയിൽ നിന്നും 70 ശതമാനം അഫ്സ്പ നിയന്ത്രണം നീക്കിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ജമ്മു കശ്മീരിൽ നിയമം പൂർണ്ണമായും പ്രാബല്യത്തിലുണ്ട്.