റഷ്യയെ മിസൈലുകളുപയോഗിച്ച് ആക്രമിച്ചാൽ ആണവായുധങ്ങൾ ഉപയോഗിക്കുമെന്നും ആണവശക്തിയുടെ പിന്തുണയോടെ മോസ്കോയ്ക്ക് നേരെയുള്ള ഏത് ആക്രമണവും സംയുക്ത ആക്രമണമായി കണക്കാക്കുമെന്നും പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ.
റഷ്യക്ക് നേരെ മിസൈൽ ആക്രമണം നടത്താൻ ഉക്രെയ്‌നിന് അനുമതി നൽകണോ വേണ്ടയോ എന്നതിനെക്കുറിച്ച് അമേരിക്കയിലും ബ്രിട്ടനിലും നടന്ന ചർച്ചകൾക്ക് ക്രെംലിൻ നൽകിയ മറുപടിയാണ് റഷ്യയുടെ ഔദ്യോഗിക ആണവ നയം മാറ്റം എന്നുള്ള പുട്ടിന്റെ ഭീഷണി.
റഷ്യക്ക് നേരെ ഏതെങ്കിലും രാജ്യത്തിൽ നിന്ന് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
ആണവ പ്രതിരോധം സംബന്ധിച്ച റഷ്യയുടെ സുരക്ഷാ കൗൺസിൽ യോഗത്തിലായിരുന്നു പുടിന്റെ പരാമർശം. സുരക്ഷാ കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യത്തിൻ്റെ ആണവ നയത്തിൽ മാറ്റങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.
ദീർഘദൂര പാശ്ചാത്യ മിസൈലുകൾ റഷ്യയിൽ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകുന്നതിനെതിരെ റഷ്യ ഇതുവരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
രാജ്യത്തിനെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ വൻതോതിൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചാൽ ആണവായുധം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യയ്‌ക്കെതിരായ മറ്റൊരു രാജ്യത്തിൻ്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഒരു ആണവശക്തിയെ ആക്രമണത്തിൽ പങ്കാളിയായി കണക്കാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
എന്നാൽ റഷ്യയെ പിന്തള്ളി യുക്രെയ്ൻ രംഗത്ത് വന്നു. “ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗ് കൂടാതെ ലോകത്തെ ഭയപ്പെടുത്താൻ റഷ്യയ്ക്ക് ഇനി ഒരു ഉപകരണവുമില്ല. ഈ ഭീഷണ വിലപ്പോകില്ല,” സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പുടിനെ തള്ളിക്കൊണ്ട് പറഞ്ഞു.