കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിൻ്റെ മൃതദേഹം ഗവേഷണത്തിന് തന്നെയെന്ന് തീരുമാനം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം രുപീകരിച്ച കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
മകൾ ആശാ ലോറൻസ് മൃതദേഹം മെഡിക്കൽ കോളജിന് വിട്ട് നൽകുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം. എന്നാൽ മറ്റ് മക്കളായ അഡ്വ. എം.എല്‍. സജീവന്, സുജാത ബോബന് എന്നിവര്‍ മെഡിക്കൽ കോളജിന് നൽകുന്നതിനെ അനുകൂലിച്ചു. തർക്കത്തെ തുടർന്നാണ് ലോറന്‍സിൻ്റെ മക്കളുടെ വാദമുഖങ്ങള്‍ കേള്‍ക്കുന്നതിന് പ്രിന്‍സിപ്പലിൻ്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചത്.
ബോഡി എംബാം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് പറഞ്ഞതിന് രണ്ട് സാക്ഷികളുണ്ടെന്നും അവരുടെ വാദം സത്യമാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. കേരള അനാട്ടമി ആക്ട് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള വാദങ്ങള്‍ സാധുവാണെന്നും അദ്ദേഹം വ്യക്തമാക്കി.