തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഡിജിപി ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഔദ്യോഗികപരമല്ലെങ്കിൽ അതും പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ അത് ഗൗരവം ഉള്ളതാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി അൻവറിനെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയും അൻവറിനെ തള്ളിയത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ സിപിഎം സെക്രട്ടേറിയേറ്റ് അൻവർ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് നിർദേശിച്ച് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
സർക്കാരിന് അൻവർ നൽകിയ പരാതികളിൽ അന്വേഷണം നടക്കുകയാണ്. പാർട്ടിക്ക് നൽകിയ പരാതിയിലും പരിശോധന നടത്തി വരുന്നുവെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. പി ശശിയും ഞങ്ങളും പതിറ്റാണ്ടുകളായി ഒപ്പം പ്രവർത്തിച്ചുവരുന്ന സഖാക്കളാണ്. പി ശശിക്കെതിരായ പരാതി സെക്രട്ടറിയേറ്റ് ചർച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം ഉന്നയിച്ച അൻവറിനെതിരെ രൂക്ഷ വിമർശനമാണ് പാർട്ടി സെക്രട്ടറി ഉന്നയിച്ചത്. സർക്കാരിനും പാർട്ടിക്കമെതിരെ വാർത്ത സൃഷ്ടിക്കാൻ ശ്രമിച്ചു. വലതുപക്ഷ ശക്തികൾക്ക് ആയുധം നൽകുന്ന പ്രസ്താവനകൾ നടത്തി തുടങ്ങിയ കുറ്റചാർട്ടുകൾ ആണ് ഗോവിന്ദൻ മുന്നോട്ട് വെച്ചത്. ഇതിൽ നിന്നും അൻവർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം എഡിജിപി ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തൽ വന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിപിഐ അടക്കമുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികൾ അടക്കം ആവശ്യപ്പെട്ടിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യൻ സ്വീകരിച്ചത്.
ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിക്കാതെ അന്വേഷണത്തിന് ശേഷം നടപടി ആകാം എന്ന നിലപാടാണ് മുഖ്യൻ സ്വീകരിച്ചത്. മുൻപ് പ്രഖ്യാപിച്ച അന്വേഷണത്തിൽ ആർഎസ്എസ് കൂടിക്കാഴ്ച ഉൾപ്പെടില്ല എന്ന വാർത്ത പുറത്ത് വന്നതോടെയാണ് അന്വേഷണം പ്രഖ്യാപിക്കാൻ പിണറായി നിർബന്ധിതനായത്. തൃശൂർ പൂരം കലക്കിയ സംഭവത്തിലും അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇത് അന്വേഷിച്ചത് ആരോപണ വിധേയനായ അജിത് കുമാർ തന്നെ ആയിരുന്നു.