സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിൽ ചൈനീസ് കാറുകൾ നിരോധിക്കാൻ അമേരിക്ക. ചൈനയുടെ സോഫ്റ്റ്വെയറുകളും ഹാർഡ്വെയറുകളും ഉപയോഗിക്കുന്ന കാറുകൾ നിരോധിക്കാനാണ് അമേരിക്കയുടെ നീക്കം. കാറുകൾ മാത്രമല്ല, ട്രക്കുകൾ, ബസുകൾ എന്നിവയിലും ചൈനീസ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ രാജ്യ സുരക്ഷ മുൻനിർത്തി നിരോധിക്കാനാണ് നീക്കം.
ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്വർക്കുകളുമായി ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ കാറുകളെ വിദൂരത്ത് നിന്ന് നിയന്ത്രിക്കാൻ സഹായിക്കുമെന്ന ആശങ്ക മുൻനിർത്തിയാണ് അമേരിക്കയുടെ നീക്കം.
തീരുമാനം അമേരിക്കയുടെ സുരക്ഷയ്ക്കാണെന്നാണ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ വ്യക്തമാക്കുന്നത്. കാറുകളിൽ ക്യാമറകളും മൈക്രോഫോണുകളും ജിപിഎസ് ട്രാക്കിംഗും മറ്റ് സാങ്കേതികവിദ്യകളുമുണ്ടെന്നും അവയെല്ലാം ഇന്റര്നെറ്റുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും റൈമോണ്ടോ ചൂണ്ടിക്കാട്ടി. ഈ വിവരങ്ങൾ ചോർത്തിയാൽ ദേശീയ സുരക്ഷയ്ക്കും യുഎസ് പൗരന്മാരുടെ സ്വകാര്യതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ സുരക്ഷയുടെ പേരിൽ ചൈനീസ് സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുകയാണ് അമേരിക്ക എന്ന് ചൈനീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. വിപണി മര്യാദകൾ പാലിക്കണമെന്നും ചൈനീസ് സംരംഭങ്ങൾക്ക് വിവേചനമില്ലാത്ത വ്യാപാര സാഹചര്യം ഒരുക്കണമെന്നും ചൈനീസ് ഉദോഗസ്ഥർ പറഞ്ഞു.
ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ തുടങ്ങി നിരവധി വസ്തുക്കളുടെ താരിഫ് അമേരിക്ക ഉയർത്തിയിട്ടുണ്ട്. സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ചൈനീസ് നിർമ്മിത കാർഗോ ക്രെയിനുകളുടെ ഇറക്കുമതിയും അമേരിക്ക പ്രത്യേകമായി നിരോധിച്ചു.
പുതിയ നീക്കം വ്യാപാര രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ വാദപ്രതിവാദത്തിന് കാരണമാകും. അമേരിക്കയുടെ നീക്കം ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളും ഏറ്റ് പിടിക്കുമോ എന്നതും ആഗോള തലത്തിൽ ചൈനീസ് ഉപകരണങ്ങളുടെ വിശ്വാസ്യത തകരുമോ എന്നും കാത്തിരുന്ന് കാണണം. ഇസ്രായേൽ പേജറും വാക്കി ടോക്കിയും ഉൾപ്പെടെ സ്ഫോടങ്ങൾക്ക് ഉപയോഗിച്ചതോടെ ആഗോള തലത്തിൽ തന്നെ പുതിയ സുരക്ഷാ ആശങ്കകൾ ഉടലെടുക്കുന്നതും കാണാനാകും.