കേരളത്തിൽ സ്ഥിരീകരിച്ച എംപോക്‌സ് തീവ്രവ്യാപനശേഷിയുള്ള വകഭേദം; എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം

ചിക്കൻപോക്‌സിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് 16ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്

MPOX

തിരുവനന്തപുരം: കേരളത്തിൽ സ്ഥിരീകരിച്ച എംപോക്‌സ് അതിതീവ്രവ്യാപന ശേഷിയുള്ള ക്ലേഡ് ബി വകഭേദമാണെന്ന് തിരിച്ചറിഞ്ഞു. യുഎഇയിൽ നിന്ന് ഈയടുത്ത് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38കാരനിലാണ് ക്ലേഡ് ബി വകഭേദം കണ്ടെത്തിയത്. ദുബായിൽ നിന്നും നാട്ടിലേക്ക് തിരിക്കുംമുമ്പ് ഇയാൾ പനിക്ക് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 13ന് വീട്ടിലെത്തിയതോടെ സമ്പർക്കം ഒഴിവാക്കാനായി പ്രത്യേക മുറിയിൽ കഴിഞ്ഞു. പനിയും തലവേദനയും ശരീരവേദനയും കൂടിയതോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചിക്കൻപോക്‌സിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് 16ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടത്തിയ ജീനോമിക് സ്വീക്വൻസിംഗ് പരിശോധനയിലാണ് വൈറസിൻ്റെ വകഭേദം തിരിച്ചറിഞ്ഞത്.

clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നിൽ. പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ.സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോഗംബാധിച്ചത്.

സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ അഞ്ച് ലാബുകളിൽ പരിശോധനാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽനിന്ന് ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments