തിരുവനന്തപുരം: ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സണാകും. ഹോണററി അടിസ്ഥാനത്തില്‍ പ്രവർത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഈ മാസം 21 മുതലാണ് നിയമനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡൻ്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു.
കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യപതിപ്പ് മുതല്‍ ഫൗണ്ടേഷനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളായിരുന്നു ഡോ വി വേണു. സിവില്‍ സർവീസിലെ നീണ്ട പ്രവർത്തനകാലയളവിനിടെ കലാ സാംസ്കാരിക മേഖലകളില്‍ നിർവഹിച്ച ചുമതലകള്‍ നല്‍കിയ മികവ് ഇനി കൊച്ചി ബിനാലെയുടെ മുന്നോട്ടുള്ള പോക്കിന് ബലമാകുമെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചു.
ദില്ലിയിലെ നാഷണല്‍ മ്യൂസിയത്തിന്റെ മുൻ ഡയറക്ടർ ജനറല്‍, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, നാഷണല്‍ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട്, കണ്‍സർവേഷൻ ആൻഡ് മ്യൂസിയോളജി വൈസ് ചാൻസലർ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ സെക്രട്ടറി തുടങ്ങി നിരവധി ഔദ്യോഗിക പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ വി വേണു ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാസമാണ് വിരമിച്ചത്.