ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 3 ശതമാനം വർദ്ധിക്കും. അടുത്ത ദിവസങ്ങളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. 2024 ജൂലൈ മുതൽ പ്രാബല്യം ഉണ്ടാകും.
കേന്ദ്ര സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത് മാർച്ചിലും സെപ്റ്റംബറിലും ആണ്. മാർച്ചിൽ പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് ജനുവരി 1 മുതൽ പ്രാബല്യം ലഭിക്കും. സെപ്റ്റംബറിൽ പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് ജൂലൈ 1 മുതൽ പ്രാബല്യം ലഭിക്കും. കേന്ദ്രം പ്രഖ്യാപിക്കുന്ന മുറയ്ക്ക് സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷാമബത്തക്ക് അർഹത ഉണ്ടാകും. എന്നാൽ പല സംസ്ഥാനങ്ങളും അർഹതപ്പെട്ട ക്ഷാമബത്ത നീട്ടി കൊണ്ടു പോകുന്ന രീതിയാണ് അവലംബിക്കുന്നത്.
ഏറ്റവും കൂടുതൽ ക്ഷാമബത്ത കുടിശിക ഉള്ള സംസ്ഥാനം കേരളം ആണ്. 7 ഗഡുക്കൾ ആണ് കേരളത്തിൽ കുടിശിക. 22 ശതമാനമാണ് കുടിശിക. കേരളത്തിൽ ജുഡിഷ്യൽ ഓഫിസർമാർക്കും ഓൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ക്ഷാമബത്ത കുടിശികയില്ല. ഇവർക്ക് കൃത്യമായി ക്ഷാമബത്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിക്കാറുണ്ട്. 2021 ജൂലൈ മുതലുള്ള ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ് കേരളത്തിൽ കുടിശിക ആയിട്ടുള്ളത്.