കൊല്‍ക്കത്ത: ഹേമ കമ്മിറ്റി മാതൃകയില്‍ ബംഗാളിസിനിമയിലും ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ലെെംഗികാതിക്രമങ്ങള്‍ അന്വേഷിക്കണമെന്നുമുള്ള ആവശ്യവുമായി താരങ്ങള്‍ രംഗത്ത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വുമൻസ് ഫോറം ഫോർ സ്ക്രീൻ വർക്കേഴ്സ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു.
ബംഗാളി നടിമാരായ ഉഷാസി റേ, അനന്യ സെൻ, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇവർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്. കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവവും ഇവർ പരാമർശിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും അഞ്ചുപേജ് അടങ്ങിയ കത്തില്‍ വിശദമാക്കുന്നുണ്ട്.
നേരത്തെ ബംഗാളി നടി റിതാഭരി ചക്രവർത്തി സമാന ആവശ്യം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി മാതൃകയില്‍ ബംഗാളിസിനിമയിലെ പൊയ്മുഖങ്ങളെ തുറന്നുകാട്ടുന്ന ഒരന്വേഷണവും തുടർനടപടികളും വേണമെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജിയോട് നടി ആവശ്യപ്പെട്ടത്.
‘മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടിയ ഹേമ കമ്മിറ്റിപോലെ ഒന്ന് ബംഗാളി സിനിമയെപ്പറ്റി ഉണ്ടാവാത്തതെന്തെന്നാണ് ആലോചിക്കുന്നത്. ഈ റിപ്പോർട്ടിനെത്തുടർന്ന് ഉയർന്നുവന്ന സംഭവങ്ങള്‍ പലതും ഞാനോ എനിക്കറിയാവുന്ന നടിമാരോ നേരിട്ട അനുഭവങ്ങള്‍ക്ക് സമാനമാണ്. പക്ഷേ, അത്തരം നികൃഷ്ട മനഃസ്ഥിതിയുള്ള നിർമാതാക്കളും സംവിധായകരും നടൻമാരും അതിൻ്റെ പ്രത്യാഘാതം നേരിടാതെ മുന്നോട്ടുപോകുന്നു. ‘ -റിതാഭരി സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു. ‘മുഖ്യമന്ത്രി മമതാ ബാനർജി കമ്മിറ്റി രൂപീകരിക്കണമെന്ന തൻ്റെ ആവശ്യത്തോട് പ്രതികരിച്ചുവെന്നും നടി പിന്നീട് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് ഒരുപാട് കാലതാമസം നേരിടുമെന്നും കാത്തിരുന്ന കാണാമെന്നും നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.