അൻവറിനെതിരെ രഹസ്യാന്വേഷണ നീക്കവുമായി സർക്കാർ

സ്വർണ്ണകടത്തു സംഘമാണോ സ്വന്തം പാർട്ടിയിലെ നേതാക്കളാണോ അൻവറിനെ ഉപയോഗിക്കുന്നത് എന്നാണ് രഹസ്യമായി അന്വേഷിക്കുക.

Pinarayi and Anvar

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സർക്കാർ. ഗൂഢാലോചനയുണ്ടോ എന്നും ആരൊക്കെയാണ് അൻവറിനെ നിയന്ത്രിക്കുന്നത് എന്നും ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എം ആർ അജിത് കുമാർ എന്നിവരെ ലക്ഷ്യം വെച്ച് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നിലുള്ള താല്പര്യമാണ് അന്വേഷിക്കുക. മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചും അൻവർ തുടക്കം മുതൽ ആരോപണ മുന നീട്ടുന്നുണ്ട്. ഇക്കാര്യം അന്വേഷണ പരിധിയിൽ വരും. സ്വർണ്ണകടത്തു സംഘമാണോ സ്വന്തം പാർട്ടിയിലെ നേതാക്കളാണോ അൻവറിനെ ഉപയോഗിക്കുന്നത് എന്നാണ് രഹസ്യമായി അന്വേഷിക്കുക.

അൻവർ തൻ്റെ ഓഫീസിനെതിരെ ഉയർത്തിയ വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. ഇത് പരസ്യമാക്കുന്നതായിരുന്നു ഇന്നലത്തെ വാർത്ത സമ്മേളനം. അൻവറിൻ്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത് രൂക്ഷമായ ഭാഷയിൽ വിമർശിച്ചതും ഈ എതിർപ്പ് പരസ്യമാക്കാൻ തന്നെയായിരുന്നു.

അൻവർ തുടർച്ചയായി പറഞ്ഞാൽ തിരിച്ചും തുടർച്ചയായി പറയുമെന്ന മുന്നറിയിപ്പും മുഖ്യൻ നൽകിയിരുന്നു. എന്നാൽ മുഖ്യൻ്റെ വാർത്താസമ്മേളനത്തിന് പിന്നാലെ പിവി അൻവറും വാർത്താ സമ്മേളനം നടത്തി മുഖ്യൻ പറഞ്ഞ വാദങ്ങളെ തള്ളിയിരുന്നു.

മുഖ്യമന്ത്രി കൈവിട്ടെങ്കിലും അൻവറിനെ സിപിഐഎം കൈവിടുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്. പി.വി അൻവറിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായില്ലെങ്കിൽ സമ്മേളനകാലത്ത് സിപിഐഎമ്മിൽ ഉണ്ടാകുന്ന പുതിയ സമവാക്യങ്ങൾക്കും അത് വഴി തുറക്കും. വരും ദിവസങ്ങളിൽ അൻവർ നേരിട്ട് മുഖ്യനെതിരെ തിരിയുമോ എന്നും കാണേണ്ടതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments