ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. മുന്‍ ഇന്ത്യന്‍ നായകന് ധോണിയെയാണ് ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്.
എംഎസ് ധോണിക്ക് പ്രായമാകാം, പക്ഷേ അദ്ദേഹത്തിൻ്റെ ജനപ്രീതി ചെറുതായിപോലും കുറയുന്നതിൻ്റെ ലക്ഷണമില്ല, മുൻ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ഐപിഎൽ-ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരനായി തുടരുകയാണ്. ‘ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയാണ്. ധോണി എല്ലാ കിരീടങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിൻ്റെ പേര് പറയും,’ ഓസ്ട്രേലിയന്‍ ഇതിഹാസം പറഞ്ഞു.
റാഞ്ചിയിൽ നിന്നൊരു ഇതിഹാസം
1981 ജൂലൈ 7 ന് ജാർഖണ്ഡിലെ റാഞ്ചിയിൽ ജനിച്ച ധോണി, ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനും ആഗോള ക്രിക്കറ്റ് ഇതിഹാസവുമായി മാറി. കരിയറിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ധോണിയുടെ ക്രിക്കറ്റ് മികവ് പ്രകടമായിരുന്നു. 2004 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം ശ്രദ്ധേയമായ യാത്രയുടെ തുടക്കമായിരുന്നു.
നായകസ്ഥാനത്തിനപ്പുറം വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ എന്ന നിലയിലും ധോണിയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ധോണിയുടെ തകർപ്പൻ ബാറ്റിംഗ് ശൈലി, ഫിനിഷിംഗ് വൈദഗ്ദ്ധ്യം, ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ധോണിയെ ഒരു മാച്ച് വിന്നർ ആക്കി മാറ്റി.
ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും 538 മത്സരങ്ങള്‍ കളിച്ച ധോണി 17266 റണ്‍സാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 108 അര്‍ധസെഞ്ച്വറികളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ധോണിയാണ്.
2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ആദ്യ കുട്ടിക്രിക്കറ്റിൻ്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.
ടെസ്റ്റിൽ 4,000 തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ധോണി. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഇന്നിംഗ്സിലും കരിയറുമായി ഏറ്റവുമധികം പുറത്താക്കിയതിൻ്റെ റെക്കോർഡും ധോണി സ്വന്തമാക്കി.