
കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന നിർണായകമായ പോയന്റിലാണ് ഇന്ന് പരിശോധന നടത്തുക . ഡ്രഡ്ജർ ഈ പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് ഉൾഭാഗത്തെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി പുഴയുടെ ആഴങ്ങളിലേക്ക് പോവുക.
ലോഹ ഭാഗങ്ങൾ ഉണ്ടെന്ന ശക്തമായ സിഗ്നലുകൾ ഇന്നലെ സൈന്യത്തിന് ലഭിച്ചിരുന്നു. കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയിൻ്റിലാണ് ലോഹത്തിൻ്റെ ഭാഗങ്ങൾ ഉണ്ടെന്ന സിഗ്നൽ ലഭിച്ചത്. ഇവിടെ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അർജുന്റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്ക് എത്തിച്ചേരും.
അതേസമയം സ്വമേധയാ തെരച്ചിലിൽ പങ്കെടുക്കുന്ന ഈശ്വർ മൽപേ, ഇന്നും മുങ്ങൽ സംഘത്തോടൊപ്പം ചേരും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തെരച്ചിൽ നടത്തിയ സ്ഥലത്ത് നിന്നും വാഹനത്തിൻ്റെ അവശിഷ്ടവും കിട്ടിയിരുന്നു