ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ പന്ത് തകർപ്പൻ സെഞ്ച്വറിയുമായി ചെപ്പോക്കിനെ ഞെട്ടിച്ചു. 128 പന്തിൽ നാല് സിക്‌സും 13 ഫോറുമടക്കം 109 റൺസായിരുന്നു പന്തിൻ്റെ സൂപ്പർ ഇന്നിംഗ്സ്. ബംഗ്ലാദേശ് ബൗളർമാരെ അടിച്ചുകൂട്ടിയ പന്ത്, പഴയ ഫോമിലേക്കുള്ള തിരിച്ചുവരവ് പൂർണ്ണമാക്കി. ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ മികച്ച സ്ഥാനത്തേക്ക് നയിക്കാൻ ടീമിനൊപ്പം നിന്നു. ടെസ്റ്റിൽ താരത്തിൻ്റെ ആറാം സെഞ്ചുറി കൂടിയായിരുന്നു ഇത്.
2022 ഡിസംബറിലെ അപകടത്തെത്തുടർന്ന് നീണ്ട പരിക്കിൽ നിന്ന് മടങ്ങിയതിന് ശേഷമുള്ള പന്തിൻ്റെ ആദ്യ സെഞ്ച്വറി, പന്തിൻ്റെ ഭീകര ഇന്നിംഗ്‌സിലൂടെ ഇന്ത്യയുടെ ഏറ്റവും വിലയേറിയ കളിക്കാരിൽ ഒരാളെന്ന പദവി ഉറപ്പിക്കുകയും ചെയ്തു. ആറാം ടെസ്റ്റ് സെഞ്ച്വറിയോടെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികളെന്ന എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമെത്താനും പന്തിനായി. 2022 ജൂലായ് ഒന്നിന് ബർമിങ്ങാമിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു പന്തിൻ്റെ അവസാന ടെസ്റ്റ് സെഞ്ച്വറി.
വിക്കറ്റ് കീപ്പർമാർക്കിടയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ
26 കാരനായ ഋഷഭ് പന്ത് ഇതുവരെ 34 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും ആറ് ടെസ്റ്റ് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. കണക്കുകൾ ഇതിലും കൂടുതലാകുമായിരുന്നു, പക്ഷേ തൊണ്ണൂറ് റൺസ് നേടി ഇതുവരെയുള്ള തൻ്റെ കരിയറിൽ ഏഴ് തവണ പുറത്തായി. കൂടാതെ,അപകടത്തിലുണ്ടായ നീണ്ട പരിക്കിനെത്തുടർന്ന് പന്തിന് ഒരു ഡസൻ ടെസ്റ്റ് മത്സരങ്ങളും നഷ്ടമായി.
വിട്ടു കളയാതെ ഡൽഹി
വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഡൽഹി ക്യാപിറ്റൽസിൻ്റെ ടോപ് പിക്ക് ആയി പന്തിനെ നിലനിർത്തുമെന്ന് Cricbuzz റിപ്പോർട്ട് സ്ഥിരീകരിച്ചു. ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള പന്തിൻ്റെ ഭാവി സംബന്ധിച്ച് ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിലാണ് പന്തിനെ നിലനിർത്തുന്ന വാർത്ത വരുന്നത്.
നിലനിർത്തൽ ഫീയെച്ചൊല്ലി പന്തും മാനേജ്‌മെൻ്റും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഫ്രാഞ്ചൈസിയുമായുള്ള പന്തിൻ്റെ ഭാവി സംശയത്തിലാക്കിയിരുന്നു.എന്നാൽ, ഡെൽഹി ക്യാപിറ്റൽസ് ടീം ഉടമകൾ,പന്ത് ടീമിൻ്റെ പ്രാഥമിക നിലനിർത്തൽ ചോയിസായിരിക്കുമെന്ന് സ്ഥിരീകരിച്ചു.
ബിസിസിഐയുടെ നിലനിർത്തൽ നിയമങ്ങളും ഫ്രാഞ്ചൈസിയുടെ പ്ലെയർ പേഴ്സും അനുസരിച്ച് പന്തിൻ്റെ നിലവിലെ ഐപിഎൽ പ്രതിഫലമായ 16 കോടി രൂപ വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.