National

പഞ്ചാബിലെ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച. ഒരു മരണം, ആറ് പേരുടെ നില ഗുരുതരം

ചണ്ഡീഗഡ്:പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ഐസ് ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ജില്ലയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ചികിത്സയിലാണ്. ജലന്ധറിലെ ഡൊമോറിയ പാലത്തിന് സമീപമുള്ള ഫാക്ടറിയില്‍ നിന്നാണ് അമോണിയ വാതകം ചോര്‍ന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചോര്‍ച്ച ഉണ്ടായത്. രൂക്ഷമായ ദുര്‍ഗന്ധം മൂലമാണ് ജനങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്.

പോലീസ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും പ്രദേശം സീല്‍ ചെയ്യുകയും ഈ വഴിയുള്ള ഗതാഗതം നിര്‍ത്തലാക്കി വഴിതിരിച്ചുവിടുകയും ചെയ്തു. ഫയര്‍ ടെന്‍ഡറുകളും ആംബുലന്‍സും സ്ഥലത്തെത്തിയിട്ടുണ്ട്. ആറ് പേരെ ഫാക്ടറിയില്‍ നിന്ന് രക്ഷപ്പെടുത്തി, വാതകം ശ്വസിച്ച് അബോധാവസ്ഥയില്‍ ആയ ഒരു ജീവനക്കാരനെ രക്ഷിക്കാനായില്ല. ബാക്കിയുള്ളവരുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വാതകം ചോര്‍ച്ച എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുകയാണെന്നും സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടെന്നും ജലന്ധര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. സംഭവത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *