എയര്‍ മാര്‍ഷല്‍ സിംഗ് നിലവില്‍ വ്യോമസേനാ ഉപമേധാവിയാണ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയെ ഇനി ഫൈറ്റര്‍ പൈലറ്റായ എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് നയിക്കും.നിലവിലെ എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി സെപ്റ്റംബര്‍ 30 ന് വിരമിക്കുകയാണ്. അതിന് ശേഷം ഇന്ത്യന്‍ വ്യോമസേനയുടെ മേധാവിയായി അമര്‍ പ്രീത് സിംഗ് ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ സിംഗ് നിലവില്‍ വ്യോമസേനാ ഉപമേധാവിയാണ്. വ്യോമസേനാ മേധാവി എന്ന നിലയില്‍ എയര്‍ മാര്‍ഷല്‍ സിങ്ങിന്റെ മുന്‍ഗണനകള്‍ പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ ലാന്‍ഡ്സ്‌കേപ്പ് കണക്കിലെടുത്ത് സേനയുടെ ആധുനികവല്‍ക്കരണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലുമാണ് പ്രതീക്ഷിക്കുന്നത്.
അടുത്തിടെ ബഹുരാഷ്ട്ര യുദ്ധ ഗെയിമായ ‘തരംഗ് ശക്തി’യുടെ IAF ആതിഥേയത്വം വഹിക്കുന്നതില്‍ ഇദ്ദേഹത്തിന്‍രെ പങ്കും ഉണ്ടായിരുന്നു. 1964 ഒക്ടോബര്‍ 27 ന് ജനിച്ച എയര്‍ മാര്‍ഷല്‍ സിംഗ് 1984 ഡിസംബറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ടു. ഏകദേശം 40 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ദീര്‍ഘവും വിശിഷ്ടവുമായ സേവനത്തില്‍, വിവിധ വകുപ്പുകളുടെ കമാന്‍ഡോ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം എയര്‍ ഓഫീസര്‍ യോഗ്യതയുള്ള ഒരു ഫ്‌ലൈയിംഗ് ഇന്‍സ്ട്രക്ടറും പരീക്ഷണാത്മക ടെസ്റ്റ് പൈലറ്റും ആണ്. ഒരു ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍, മോസ്‌കോയിലെ മിഗ് -29 അപ്ഗ്രേഡ് പ്രോജക്റ്റ് മാനേജുമെന്റ് ടീമിനെ നയിച്ചതും ഇദ്ദേഹമായിരുന്നു. നാഷണല്‍ ഫ്‌ലൈറ്റ് ടെസ്റ്റ് സെന്ററില്‍ പ്രോജക്ട് ഡയറക്ടര്‍ (ഫ്‌ലൈറ്റ് ടെസ്റ്റ്) കൂടിയായിരുന്ന അദ്ദേഹം തേജസ് എന്ന യുദ്ധവിമാനത്തിന്റെ ഫ്‌ലൈറ്റ് ടെസ്റ്റിംഗ് ചുമതലയും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ഇദ്ദേഹം എയര്‍ സ്റ്റാഫ് വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നത്. അതിന് മുന്‍പ് അദ്ദേഹം സെന്‍ട്രല്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായിരുന്നു.