വയനാട് ദുരന്തം; കേന്ദ്ര ധനസഹായം നൽകുന്നതിൽ കേരളത്തോട് ‘ചിറ്റമ്മ നയ’മോ

കള്ളക്കണക്കുകൾ നിറച്ച മെമ്മോറാണ്ടം തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Pinarayi and Modi

ന്യു ഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ധനസഹായം പ്രഖ്യാപിക്കുന്നതിൽ ചിറ്റമ്മ നയം സ്വീകരിച്ച് കേന്ദ്രം. സാങ്കേതികത ചൂണ്ടിക്കാട്ടി ധനസഹായം വൈകിക്കുന്ന കേന്ദ്രം ആന്ധ്രായ്ക്കും തെലങ്കാനയ്ക്കും വെള്ളപ്പൊക്കം നേരിടാൻ 3000 കോടിയിലധികമാണ് ധനസഹായം പ്രഖ്യാപിച്ചത്. കേരളം സമർപ്പിച്ച നിവേദനം ചട്ടപ്രകാരമല്ലെന്ന സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സഹായം വൈകിക്കുന്നത്.

അതേസമയം കള്ളക്കണക്കുകൾ നിറച്ച മെമ്മോറാണ്ടം തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണക്കാർക്ക് പോലും തിരിച്ചറിയാൻ കഴിയുന്ന വിധം കള്ളക്കണക്കുകൾ നിരത്തിയ മെമ്മോറാണ്ടം തയ്യാറാക്കിയവർക്ക് എതിരെ നടപടി വേണമെന്നും വിഡി സതീശൻ ആവശ്യപെട്ടിരുന്നു. സഹായം വൈകുന്നതിൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കാത്തതും അദ്ദേഹം ചോദ്യം ചെയ്തു. ഭരണപരമായ വിഷയത്തിൽ സർക്കാർ വിമർശനം ഉന്നയിക്കാതെ പ്രതിപക്ഷം ഏറ്റെടുക്കുന്നതിലെ പരിമിതിയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

കഴിഞ്ഞ മാസം 10ന് വയനാട് മുണ്ടക്കൈ ദുരന്ത മേഖല സന്ദർശിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്തിട്ട് 40 ദിവസം പിന്നിട്ടു. കഴിഞ്ഞ മാസം 27ന് മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. ദുരന്തം നടന്ന് ഇതുവരെ കേരളത്തിനുള്ള ധനസഹായം ആദ്യ ഗഡു പോലും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ഇക്കാര്യത്തിലെ കേന്ദ്ര വിമുഖത വ്യക്തമാക്കുന്നത്.

വയനാട് പുനർനിർമ്മിക്കാൻ മൊത്തം 3000 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്ര സംഘത്തിനാണ് കേരളം നിവേദനം നൽകിയത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് ഈ വർഷം വകയിരുത്തിയത് 388 കോടി ആയിരുന്നു. ഇതിൽ 145 കോടി ഇതിനകം കേരളത്തിനു നൽകിയിട്ടുണ്ട്. കൂടുതൽ തുക പ്രഖ്യാപിച്ചില്ലെങ്കിൽ വയനാട് പുനർനിർമ്മാണം പ്രതിസന്ധിയിലാകും.

കേരളം സമർപ്പിച്ച നിവേദനം ചട്ടപ്രകാരമല്ലെന്നാണ് കേന്ദ്ര ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. നിവേദനം എങ്ങനെ തയ്യാറാക്കണം എന്ന് നിർദ്ദേശിച്ചിട്ടും ഇത് തെറ്റിച്ചുവെന്നാണ് വിമർശനം. വീടിന് കേടു പറ്റിയാൽ കേന്ദ്ര സഹായമായി രണ്ട് ലക്ഷത്തിൽ താഴെ രൂപയാണ് സാധാരണ നല്കാറുള്ളത്. എന്നാൽ കേരളം പത്തു ലക്ഷം ആവശ്യപ്പെട്ടെന്നും ഇത് നൽകാൻ കഴിയില്ലെന്നുമാണ് കേന്ദ്രം ഉന്നയിക്കുന്ന തടസം.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രത്തിൽ ഉണ്ടായിട്ടും സഹായം അനുവദിക്കുന്ന കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാധ്യമങ്ങൾ പ്രതികരണം തേടുമ്പോൾ പലപ്പോഴും പരസ്പര വിരുദ്ധമായ ഡയലോഗുകൾ അടിച്ച് വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്ന രീതിയാണ് സുരേഷ് ഗോപി ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്.

കോളജ് അധ്യാപകരുടെ 1000 കോടിയിലധികം വരുന്ന ശമ്പള കുടിശ്ശികയും കേരളത്തിൻറ്റെ സാങ്കേതിക വീഴ്ച്ച കാരണം നഷ്ട്ടമായിരുന്നു. കൃത്യ സമയത്ത് ജിഎസ്ടി റിട്ടേൺ സമർപ്പിക്കാനും കേരളം വീഴ്ച വരുത്തുന്നതായി കേന്ദ്രം ആരോപണം ഉയർത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന കേരളത്തിനെ സംബന്ധിച്ച് ഓരോ ചെറിയ വീഴ്ചയും വലിയ ബാധ്യതയായി മാറുകയാണ് എന്നതും ശ്രദ്ധേയം.

ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും അടിയന്തരമായി സഹായം നൽകുന്നതിന് കേന്ദ്രത്തിന് ഇതൊന്നും തടസമായില്ല. പ്രളയത്തിന് അടിയന്തര സഹായമായി 3448 കോടി കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരിട്ടെത്തി പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിനെ താങ്ങി നിർത്തുന്ന ആന്ധ്രയുടെ കാര്യത്തിൽ കാണിച്ച ശുഷ്‌കാന്തി കേരളത്തിനോട് കാണിക്കുന്നില്ല എന്നതാണ് പ്രകടമാകുന്ന കേന്ദ്ര വിവേചന നയം.

ബിജെപിയും സഖ്യകക്ഷികളുമല്ലാതെ മറ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ കേന്ദ്ര വിവേചനം പ്രകടമാണ്. 2024 ഫെബ്രുവരിയിൽ കേന്ദ്ര അവഗണനയ്ക്ക് എതിരെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിൽ സമരം ചെയ്തിരുന്നു. മുൻപ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേന്ദ്ര വിവേചനത്തിനെതിരെ പ്രതികരിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments