‘പൂരംകലക്കി’യ അന്വേഷണം നടന്നാൽ മുഖ്യനും പെടുമെന്ന് വിഡി സതീശൻ

ഇരട്ടച്ചങ്കനാണെന്ന് ആദ്യം പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇപ്പോൾ എല്ലാവരെയും ഭയക്കുകയാണെന്നും സതീശൻ പറഞ്ഞു.

pinarayi and vd satheshan

കൊച്ചി: തൃശൂർ പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കപ്പെട്ടത് ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്നെ അപമാനമെന്ന് വി.ഡി. സതീശൻ. പൂരം കലക്കിയത് അന്വേഷിച്ചാൽ അന്വേഷണത്തിന് ഉത്തരവിട്ട ആളടക്കം പ്രതികളാകുമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപണം കടുപ്പിച്ചു. എഡിജിപിയെ ഉപയോഗിച്ച് പൂരം കലക്കിയതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ബിജെപിയെ തൃശൂരിൽ ജയിപ്പിക്കാൻ പിണറായി വിജയൻ ഗൂഢാലോചന നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കിയതിനെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നത്. ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്. രഹസ്യങ്ങൾ പുറത്താകുമോയെന്ന പേടിയാണ് മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനെന്നും അദ്ദേഹം പരിഹസിച്ചു.

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എഡിജിപി അജിത് കുമാർ സ്ഥാനത്ത് തുടരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ഒരു മണിക്കൂറാണ് സംസാരിച്ചത്. അതിനു പിന്നാലെ മറ്റൊരു ആർഎസ്എസ് നേതാവുമായി തിരുവനന്തപുരത്തും രഹസ്യമായി കൂടിക്കാഴ്ച നടത്തി. ഇതേപ്പറ്റി സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും സതീശൻ വിമർശിച്ചു.

തൃശൂരിലെ കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണറെയും തൽസ്ഥാനത്ത് നിന്നും മാറ്റി പൂരം കലക്കിയതിനെ കുറിച്ച് ഡിജിപി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പ്രഖ്യാപിച്ചത്. എന്നാൽ അങ്ങനെയൊരു അന്വേഷണം ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സർക്കാർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്ന അന്വേഷണങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദ്യമുയർത്തി.

ഇരട്ടച്ചങ്കനാണെന്നാണ് ആദ്യം പറഞ്ഞതെങ്കിലും മുഖ്യമന്ത്രി ഇപ്പോൾ എല്ലാവരെയും ഭയക്കുകയാണ്. മാധ്യമ പ്രവർത്തകരോട് പോലും മുഖ്യമന്ത്രി സംസാരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments