മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ.എം. എബ്രഹാമിന്റെ ശമ്പളം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ഇതോടെ, സംസ്ഥാനത്ത് ശമ്പള വർധന കിഫ്ബി സിഇഒ കൂടിയായ ഇദ്ദേഹത്തിന് മാത്രമാണ് എന്നാണ് അവസ്ഥ. 2022- 23 ൽ 42.49 ലക്ഷമായിരുന്നു എബ്രഹാമിൻ്റെ വാർഷിക ശമ്പളം. (Pinarayi Vijayan and KM Abraham IAS)
2023- 24 ൽ 46.09 ലക്ഷമായി എബ്രഹാമിൻ്റെ വാർഷിക ശമ്പളം ഉയർന്നുവെന്ന് കിഫ്ബിയുടെ 2023-24 ലെ വാർഷിക റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. അതായത് ഒരു വർഷം 3.60 ലക്ഷം രൂപയുടെ ശമ്പള വർധന. 2023- 24 വാർഷിക റിപ്പോർട്ട് പ്രകാരം എബ്രഹാമിൻ്റെ ഒരു മാസത്തെ ശമ്പളം 3.84 ലക്ഷമാണ്.
കരാർ നിയമനത്തിലാണ് എബ്രഹാം കിഫ് ബി യിൽ ജോലി ചെയ്യുന്നത്. കരാർ നിയമനം ആയത് കൊണ്ട് ചീഫ് സെക്രട്ടറിയായി വിരമിച്ച പെൻഷനും ലഭിക്കും. ശമ്പളവും പെൻഷനും ഉൾപ്പെടെ 6 ലക്ഷത്തിൽ കൂടുതൽ പ്രതിമാസം ലഭിക്കുന്ന ഉദ്യോഗസ്ഥനാണ് കെ. എം. എബ്രഹാം.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 3 വർഷമായി ക്ഷാമബത്തയും ക്ഷാമ ആശ്വാസവും നിഷേധിക്കുമ്പോഴാണ് 2018 ൽ വിരമിച്ച കെ.എം എബ്രഹാമിന് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ വാരി കോരി നൽകുന്നത്.
ക്ഷേമ പെന്ഷന് കൊടുക്കാന്‍ പണമില്ലെങ്കിലും കെ.എം എബ്രഹാം എന്ന വിശ്വസ്തന് ശമ്പളം ഓരോ വര്‍ഷവും കൂട്ടി കൊടുക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശുഷ്കാന്തി എടുത്ത് പറയേണ്ടതാണ്.
ലാവ്ലിന് കേസില്‍ പിണറായിക്കെതിരെ സാക്ഷി പറഞ്ഞ വ്യക്തിയാണ് കെ.എം എബ്രഹാം. പിണറായി എബ്രഹാമിന് വാരികോരി ലക്ഷങ്ങള്‍ നല്‍കുന്നതും കാബിനറ്റ് റാങ്ക് നല്കുന്നതിന്റെയും പിന്നില്‍ ലാവ്ലിന് തന്നെ എന്ന് വ്യക്തം. സംസ്ഥാനത്ത് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയപ്പോൾ പോലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ഒന്നാം തീയതി ശമ്പളം കിട്ടിയ അപൂര്‍വ്വം ചില ഭാഗ്യശാലികളിലൊരാളാണ് കെ.എം. എബ്രഹാം.