പൂരം കലക്കിയതിൽ ഒരു നടപടിയുമില്ലെങ്കിൽ ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയും: വി.എസ്. സുനിൽകുമാർ

പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത് കേരള സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയ ശേഷം വിവരാവകാശ നിയമപ്രകാരം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടാകാതിരുന്നാല്‍ തനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയുമെന്ന് വി.എസ്. സുനില്‍ കുമാറിൻ്റെ മുന്നറിയിപ്പ്. പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച് അന്വേഷണമൊന്നും നടന്നില്ലെന്ന വിവരാവകാശ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു തൃശ്ശൂരില്‍ ഇടത് സ്ഥാനാര്‍ഥിയായിരുന്ന, സിപിഐ നേതാവ് കൂടിയായ സുനില്‍കുമാറിന്‍റെ പ്രതികരണം.

പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത് കേരള സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയ ശേഷം വിവരാവകാശ നിയമപ്രകാരം ഇത് സംബന്ധിച്ച രേഖ ആവശ്യപ്പെടുമ്പോള്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് മറുപടി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഞെട്ടലുണ്ടാക്കുന്നതാണ്. അങ്ങേയറ്റം അപലപനീയമാണ് അതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

‘വിവിധ ദേവസ്വം ബോര്‍ഡുകളുടെ അധികൃതരില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ നാടകമായിരുന്നോ? ആര്‍ക്ക് വേണ്ടിയാണ് ചെയ്തത്? ഇത്രയും വലിയൊരു പ്രശ്‌നം ഈ നിലക്കാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കില്‍ ഗുരതരമാണെന്ന് മാത്രമേ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമായ ഒരു കാര്യം മാത്രമാണെന്ന് ചില ആള്‍ക്കാര്‍ വ്യാഖ്യാനിക്കുന്നുണ്ട്. എനിക്ക് അങ്ങനെ പറയാന്‍ കഴിയില്ല. അതിന് പിന്നില്‍ ആസൂത്രിതമായി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. അലങ്കോലപ്പെടുത്തിയവര്‍ക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല അതില്‍ പങ്കാളികള്‍. അതിന് പിന്നിലുള്ളവര്‍ മുഴുവന്‍ പുറത്തുവരണമെന്നത് സമൂഹത്തിൻ്റെ ആവശ്യമാണ്. ഇതില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യമല്ല’, സുനില്‍ കുമാര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് താന്‍ നേരിട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും വിവരാവകാശ അപേക്ഷ സമര്‍പ്പിക്കാന്‍ പോകുകയാണ്. പല പോലീസ് ഉദ്യോഗസ്ഥരും അന്വേഷണം നടന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതില്‍ യാതൊരു നടപടികളുമില്ലാതെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയും. അത് പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. സ്ഥാനാര്‍ഥി എന്ന നിലയിലുള്ള എന്റെ ആശങ്കയല്ല. ഒരു തൃശ്ശൂര്‍കാരനെന്ന നിലയിലാണ് ഞാന്‍ ഇത് ആവശ്യപ്പെടുന്നത്’, സുനില്‍ കുമാര്‍ വ്യക്തമാക്കി.

സാങ്കേതിക കാരണം പറഞ്ഞാണ് തൃശ്ശൂര്‍ കമ്മിഷണര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറ്റിയ ശേഷമാണ് കമ്മിഷണറെ സ്ഥലംമാറ്റിയത്. കമ്മിഷണറെ സ്ഥലംമാറ്റേണ്ടതില്ലെന്ന് ആവശ്യപ്പെട്ടത് ബിജെപി സ്ഥാനാര്‍ഥിയായി ജയിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments