കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഇഡി; എ.സി. മൊയ്തീനെതിരെ വീണ്ടും നോട്ടീസ് നല്‍കും

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പി.പി. കിരണ്‍, പി. സതീഷ് കുമാര്‍ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്.

സതീഷ് കുമാര്‍ കേസിലെ പ്രധാന പ്രതിയാണെന്നും നിരവധി സിപിഎം നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കിരണ്‍ കുമാര്‍ 14 കോടി രൂപ ബാങ്കില്‍നിന്നും തട്ടിയെടുത്തു. തട്ടിയെടുത്ത തുക കിരണ്‍ സതീഷ് കുമാറിനും കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനെന്നും ഇഡി അറിയിച്ചു.

കേസില്‍ എ.സി. മൊയ്തീന്‍ ഇന്നും ഇഡി മുന്നില്‍ ഹാജരായില്ല. എ.സി.മൊയ്തീന്‍ എംഎല്‍എയുടെ ബെനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാര്‍, ഇടനിലക്കാരനായ പി.പി.കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിനു ശേഷമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ഇഡി ആദ്യ അറസ്റ്റിലേക്കു കടന്നത്.

ഇരുവരെയും ചൊവ്വാഴ്ച കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. സതീഷ് കുമാറാണ് കേസിലെ പ്രധാന പ്രതി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഇഡി വ്യക്തമാക്കി.

300 കോടി രൂപയുടെ ബെനാമി വായ്പാത്തട്ടിപ്പാണു ബാങ്കില്‍ നടന്നതായി ആരോപിക്കപ്പെടുന്നത്. ഇതില്‍ 25 കോടി രൂപയുടെ വായ്പ സംബന്ധിച്ച സാക്ഷിമൊഴികളാണ് അന്വേഷണം എ.സി.മൊയ്തീനിലെത്തിച്ചത്. ഇഡി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 31നും ഈ മാസം നാലിനും മൊയ്തീന് നോട്ടിസ് നല്‍കിയിരുന്നു.

രണ്ടു തവണയും അസൗകര്യം അറിയിച്ച് വരാതിരുന്ന സാഹചര്യത്തില്‍ മൊയ്തീനു വീണ്ടും നോട്ടിസ് അയയ്ക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നും ഇഡി വ്യക്തമാക്കി.

സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായ സതീഷ് കുമാര്‍. ഇയാള്‍ ബെനാമിയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സതീഷ് കുമാര്‍ ബാങ്കുമായി നേരിട്ട് ബന്ധമുള്ളയാളല്ല. പക്ഷേ, ബാങ്കില്‍നിന്ന് തട്ടിയെടുത്ത ലോണുകളില്‍ പലതും കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. സതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മറ്റു പലരും ബാങ്കില്‍നിന്ന് കള്ളപ്പേരുകളില്‍ ലോണ്‍ എടുത്തിരുന്നതെന്നും ഇഡി കണ്ടെത്തി.

അറസ്റ്റിലായ പി.പി.കിരണ്‍ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിയെടുത്തതെന്നും ഇഡി കണ്ടെത്തി. ഇതു പ്രാഥമികമായ കണക്കു മാത്രമാണെന്നും ഇഡി പറയുന്നു. ഇരുവര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. അതു പൂര്‍ത്തിയായെങ്കില്‍ മാത്രമേ തട്ടിപ്പില്‍ ഇവരുടെ പങ്കിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂ എന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments