ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിന് നാവികസേനയും ഇറങ്ങും. ഗോവയിൽ നിന്നെത്തിച്ച ഡ്രജർ ഇന്ന് എട്ട് മണിയോടെ ഷിരൂരിൽ എത്തിച്ചേക്കും.
40 കിലോമീറ്റർ അകലെ കാർവാർ തുറമുഖത്തുനിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട ഡ്രഡ്‌ജർ മഞ്ജുഗുനി അഴിമുഖത്തിലൂടെ ഗംഗാവാലി പുഴയിലേക്കിറക്കി. ഷിരൂരിനടുത്ത കൊങ്കൺ റെയിൽപാലത്തെ മറികടന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞ സ്ഥലത്തെത്തിയത്. 28.5 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള ഡ്രജറാണ് തിരച്ചിലിനായി എത്തിച്ചത്. ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരാനാണ് നീക്കം.
ഹിറ്റാച്ചി, ക്രെയിൻ, പുഴയിൽ ഉറപ്പിച്ച് നിർത്താനായി രണ്ട് ഭാരമേറിയ തൂണുകൾ എന്നിവയാണ് ഡ്രജറിൻ്റെ പ്രധാന ഭാഗങ്ങൾ. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും മരങ്ങളും ആദ്യഘട്ടം നീക്കും. ഏഴ് ദിവസമെങ്കിലുമെടുക്കും ഇത് പൂർത്തിയാക്കാൻ എന്നാണ് നിഗമനം. ശേഷം തുടർനടപടി തീരുമാനിക്കൂ. കാലാവസ്ഥ അനുകൂലമായത് പ്രതീക്ഷയേകുന്നുണ്ട്.