” എല്ലാം കുട്ടികളിൽ നിന്നല്ലേ തുടങ്ങുന്നത്. നമ്മുക്കും കുട്ടികളിൽ നിന്ന് തൊടങ്ങാമെടോ ” വിയറ്റ്നാം കോളനി എന്ന മെഗാഹിറ്റ് സിനിമയിൽ മോഹൻലാൽ ഇന്നസെൻ്റിനോട് പറയുന്ന ഡയലോഗാണിത്. ഈ ഡയലോഗിന് എന്താണ് ഇവിടെ പ്രസക്തി എന്നല്ലേ നിങ്ങൾ ചോദിക്കുന്നത്. പറയാം. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറയാതെ തന്നെ ഏവർക്കും അറിയാമല്ലോ ? ആർക്കും വേണ്ട. മന്ത്രിമാർക്ക് വേണ്ട, പാർട്ടിക്കാർക്ക് വേണ്ട. ആകെ പിന്തുണയ്ക്കാനുള്ളത് മരുമകൻ റിയാസ് മാത്രം.
പത്താൾ വളഞ്ഞിട്ട് അടിച്ചാലൊന്നും പിണറായി വീഴില്ല എന്നൊക്കെയാണ് അമ്മായി അപ്പനെ കുറിച്ച് മരുമകൻ്റെ തള്ള്. അമ്മായി അപ്പൻ്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കാൻ പി.ആർ. ടീമിൻ്റെ ഉപദേശം തേടിയിരിക്കുകയാണ് മരുമോൻ. പിണറായിയുടെ മുഖം മിനുക്കാൻ വിയറ്റ്നാം കോളനി മോഡൽ പയറ്റാനാണ് ഉപദേശം. മോഹൻലാലിൻ്റെ ഡയലോഗിൻ്റെ പ്രസക്തി ഇവിടെയാണ്.
അശ്വമേധം പ്രദീപിനാണ് പിണറായിയെ മുന്നോട്ട് നയിക്കാൻ ചുമതല നൽകിയിരിക്കുന്നത്. പ്രദീപിൻ്റെ നേതൃത്വത്തിൽ ” ബാല കേരളം ” പദ്ധതി നടപ്പാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 35 ലക്ഷം രൂപ പദ്ധതിക്ക് കെ.എൻ. ബാലഗോപാൽ നൽകി കഴിഞ്ഞു. എത്ര കോടി വേണമെങ്കിലും ഇനിയും തരാം എന്നാണ് ബാലേട്ടൻ്റെ ലൈൻ.
എന്താണ് ബാല കേരളം പദ്ധതി എന്ന് നോക്കാം. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ സ്കൂൾ വിദ്യാർത്ഥികളിൽ യുക്തിബോധവും ശാസ്ത്ര ചിന്തയും പൗരബോധവും വളർത്തി വ്യക്തി വികാസം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തലങ്ങളിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നടത്തുന്ന പദ്ധതിയാണ് ബാല കേരളം. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ് പ്രദീപിനാണ് ചുമതല.
പ്രദീപിൻ്റെ ചുമലിൽ ഏറി പിണറായി പരമാവധി സ്ഥലങ്ങളിൽ എത്തി കുട്ടികളുമായി സംവദിക്കും. കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങൾ ആണല്ലോ. തന്നെ കുറിച്ച് കുട്ടികൾ വീട്ടിൽ ചെന്ന് നല്ലത് പറഞ്ഞാൽ വീട്ടിലുള്ളവരുടെ മനസ് മാറിയേക്കും എന്നാണ് പിണറായിയുടെ പ്രതീക്ഷ. മോഹൻലാൽ ഈ ഡയലോഗിന് ശേഷം പാട്ട് പാടിയതുപോലെ പിണറായി പാടുമോ എന്ന് കണ്ടറിയണം. ഇമേജ് തിരിച്ച് പിടിക്കാൻ ” വിയറ്റ് നാം കോളനി മോഡലുമായി ” രംഗത്തിറങ്ങുന്ന പിണറായിക്ക് എല്ലാ ആശംസകളും.