തിരുവനന്തപുരം: കന്നിമാസത്തിൻ്റെ തുടക്കത്തിൽ തന്നെ കേരളത്തിൽ അനുഭവപ്പെടുന്നത് അതിശക്തമായ ചൂട്. വേനൽകാലത്തിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോൾ കേരളത്തിലുള്ളത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം ജില്ലയിൽ ഇന്നലെ 34 ഡിഗ്രിയായിരുന്നു താപനില. ഈ സാഹചര്യത്തിൽ വരൾച്ചയുമായി ബന്ധപ്പെട്ട മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.
തിരുവോണ ദിവസം വരെ സംസ്ഥാനത്ത് മഴയുണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ നാല് ദിവസം സംസ്ഥാനത്ത് മഴ ലഭിച്ചിട്ടില്ല. മഴമാറി ഒരാഴ്ച പോലും തികയുന്നതിന് മുൻപാണ് ചൂട് ഇത്രയ്ക്ക് കടുത്തിരിക്കുന്നത്. കോട്ടയത്തിന് സമാനമായ രീതിയിൽ എല്ലാ ജില്ലകളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇപ്പോൾ തന്നെ ചൂട് ഇത്ര കനത്താൽ വേനൽകാലമാകുമ്പോഴേയ്ക്കും താങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കും ഉണ്ടാകുക. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 35 ഡിഗ്രി കടക്കുമെന്നാണ് സൂചന. രണ്ട് വർഷം മുൻപും ഓഗസ്റ്റ്, സെപ്തംബർ എന്നീ മാസങ്ങളിൽ കനത്ത ചൂട് സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു. ഈ വർഷമാണ് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത്. ഈ സാഹചര്യത്തിൽ വലിയ ആശങ്കയും അധികൃതരിൽ ഉണ്ട്.