തിരുവനന്തപുരം: 2024 സെപ്തംബർ 29 ന് നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു . ഇത് സംബന്ധിച്ച വിളംബര പോസ്റ്റർ പുറത്തിറക്കി. ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ആർ. ബിന്ദു പോസ്റ്ററിൻ്റെ പ്രകാശനകർമ്മം നിർവഹിച്ചു .
നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്), ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സൂപ്പർ റൺ സംഘടിപ്പിച്ചിരിക്കുന്നത് .ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടു . കായികരംഗത്തും പൊതുസമൂഹത്തിലും ഭിന്നശേഷിയുള്ള വ്യക്‌തികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇത്തരം ചുവടുവെപ്പുകൾ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു . ചടങ്ങിൽ ജ്യോതിർഗമയ ഫൗണ്ടേഷൻ സ്‌ഥാപക ടിഫിനി ബ്രാർ , യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ സുമേഷ് ചന്ദ്രൻ, വൈസ് ചെയർമാൻ ശങ്കരി ഉണ്ണിത്താൻ, തുടങ്ങിയവർ പങ്കെടുത്തു.
അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോൺ, 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, 5 കിലോമീറ്റർ ദൈർഘ്യമുള്ള കോർപറേറ്റ് റൺ, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കോവളം മുതൽ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വയസ്സു മുതലുള്ളവർക്ക് മാരത്തോണിൽ പങ്കെടുക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും മാരത്തോണിൽ പങ്കെടുക്കുവാൻ കഴിയും. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിൽ പങ്കെടുക്കുവാൻ വേണ്ടിയുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. https://kovalammarathon.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണിൽ 1500 പേരാണ് പങ്കെടുത്തത്. ഇക്കുറി യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിൻ്റെ മുഖ്യസംഘാടകർ. കോൺഫെഡറെഷൻ ഓഫ് ഇന്ത്യൻ ഇൻ്റ സ്ട്രീസ്, കേരള പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം മരത്തോണിൻ്റെൻ്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മാരത്തൺ ഓട്ടക്കാരെ കോവളം മരത്തോൺ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിചയസമ്പന്നരായ അത് ലറ്റുകൾ, ഫിറ്റ്നസ് പ്രേമികൾ, വിദ്യാർത്ഥികൾ, തുടങ്ങിയവർ മരത്തോണിൽ പങ്കെടുക്കും.