മദ്യം, പെണ്ണ്, കാറ് ; അജ്മലിന്റെ വഴികാട്ടി ശ്രീറാം വെങ്കിട്ടരാമൻ

മൈനാഗപ്പള്ളിയിൽ ഉണ്ടായ കാറപകടം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മദ്യലഹരിയിലായിരുന്ന അജ്മൽ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രിക കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ മനഃപൂർവം കയറ്റിറക്കുകയായിരുന്നു. കാറിടിച്ചതിന്റെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ കുഞ്ഞുമോൾ ബോണറ്റിലും തുടർന്ന് കാറിനു മുന്നിലും വീണു. കാറെടുത്താൽ കുഞ്ഞുമോളുടെ ദേഹത്ത് കയറുമെന്ന നിലയിലാണ് റോഡിൽ വീണുകിടന്നത്.

കണ്ടുനിന്നവർ വണ്ടി എടുക്കല്ലേടാന്ന് ഉച്ചത്തിൽ അലറിവിളിച്ചെങ്കിലും അതു വകവയ്ക്കാതെ അജ്‌മൽ അതിവേഗം കാർ മുന്നോട്ടെടുക്കുകയായിരുന്നു. അതേസമയം, അജ്മലും ശ്രീകുട്ടിയും അടിച്ചുപൂസായിരുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിയിലായിരുന്ന അജ്മലിനെ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ നിർബന്ധിച്ചതും ശ്രീക്കുട്ടിയായിരുന്നു.

അതേസമയം, അജ്മലിന്റെയും ശ്രീകുട്ടിയുടെയും ക്രൂരത കേരളം ചർച്ച ചെയ്യുമ്പോൾ സമാന സംഭവം നമ്മുടെ കേരളത്തിൽ അതും തലസ്ഥാന നഗരിയിൽ ഉണ്ടായിട്ടുണ്ട്. മറ്റൊന്നുമല്ല, ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ ബഷീറിന്റെ മദ്യലഹരിയിൽ കാറിടിച്ചു കൊന്നകേസ്. നിലവിൽ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ചുമതല നിർവഹിക്കുന്ന ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ ബഷീറിനെ കൊന്നതും സമാന രീതിയിൽ മദ്യലഹരിയിൽ തന്നെയായിരുന്നു.

എന്നാൽ ശ്രീറാം അകത്തായില്ല, അജ്മലും ശ്രീക്കുട്ടിയും അകത്തായെന്ന് മാത്രം. 2019 ഓഗസ്‌റ്റ് 3 ന് പുലർച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ കെഎം ബഷീർ മരണപ്പെട്ടത്. എന്നാൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെയാണ് കേസിൽ ശ്രീരാമിനെതിരെ പൊലീസ് നടപടിയെടുത്തത് പോലും.

ബഷീറിനെ, ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിച്ച് കൊന്നിട്ട് അഞ്ച് വർഷമായിട്ടും നിയമത്തിന് വഴങ്ങാതെ നീതിന്യായ വ്യവസ്ഥിതികളെ വെല്ലുവിളിക്കുകയാണ് പ്രതി ചേർക്കപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. ദൃക്സാക്ഷികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ വിചാരണ കോടതി കുറ്റം ചാർത്തിയ ഇയാൾ ഇത് മറികടക്കാൻ നടത്തിയ നീക്കങ്ങൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരാജയപ്പെടുകയാണുണ്ടായത്.

കേസിന്റെ തുടക്കം മുതൽ നിയമത്തിന് വഴങ്ങാൻ വിസമ്മതിച്ച പ്രതിയുടെ നീക്കങ്ങളാണ് അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും വിചാരണ ആരംഭിക്കാൻ കഴിയാത്ത സ്ഥിതി വിശേഷമുണ്ടാക്കിയിരിക്കുന്നത്. സംഭവത്തിന് തൊട്ടടുത്ത ദിവസം അറസ്റ്റിലായത് മുതൽ നിയമത്തെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് ശ്രീറാമിൽ നിന്നുണ്ടായത്. ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലേക്ക് കൊണ്ടുപോയത് മുതൽ സുപ്രീംകോടതിയിലും ശേഷം തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലുമെത്തി നിൽക്കുന്നു.

ജയിലിൽ നിന്ന് പുറത്ത് കടക്കാൻ മാരകരോഗം അഭിനയിക്കുകയും പിന്നീട് കേസ് കോടതിയിലെത്തിയപ്പോൾ തടസ്സവാദങ്ങൾ ഉന്നയിച്ച് നീട്ടിക്കൊണ്ടുപോകുകയും ഒടുവിൽ മനഃപൂർവ നരഹത്യ ഒഴിവാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പരമോന്നത കോടതിയെ സമീപിച്ചതുമൊക്കെ ഇതിന്റെ ബാക്കിപത്രമായിരുന്നു. എന്നാൽ, സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടിയുണ്ടായി. തുടർന്ന് തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ കേസ് പരിഗണിച്ചപ്പോൾ വിവിധ കാരണങ്ങൾ നിരത്തി നാല് തവണയാണ് ഹാജരാകാതിരുന്നത്. എന്തായാലും ഈ ശ്രീറാം വെങ്കിട്ടരാമനെ മാതൃകയാക്കിയ അജ്മലിനെ തന്നെയാണ് നമുക്ക് മൈനാഗപ്പള്ളിയിൽ കാണാൻ സാധിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments