കൊച്ചി: നടി ആക്രമിക്കപ്പെട്ടിട്ട കേസിൽ ജയിലായ പൾസർ സുനി എന്നറിയപ്പെടുന്ന എൻ.എസ്.സുനിലിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് സുനിലിൻ്റെ ഹർജിയിൽ ജാമ്യം അനുവദിച്ചത്. ഏഴര വര്‍ഷത്തിനു ശേഷമാണു കേസിലെ ഒന്നാം പ്രതി സുനിലിന് ജാമ്യം ലഭിച്ചത്. കേസ് അനന്തമായി നീളുന്നതും സുപ്രീം കോടതി നിരീക്ഷിച്ചു. ഒരാഴ്ചയ്ക്ക് ഉള്ളിൽ വിചാരണ കോടതി ജാമ്യ വ്യവസ്ഥകൾ നിർദേശിച്ച് ജാമ്യം നൽകണമെന്നാണ് സുപ്രിം കോടതി വിധി.
കേസിലെ അന്തിമ വാദം ഏതാനും മാസങ്ങൾക്ക് ഉള്ളിൽ ഉണ്ടാകുമെന്നാണ് സർക്കാർ ഉന്നയിച്ച വിവാദം. എന്നാൽ നടപടിക്രമങ്ങൾ ഇനിയും വൈകുമെന്നും നിലവിലെ വിചാരണ പുരോഗതി പരിശോധിച്ച കോടതി പറഞ്ഞു. പൾസർ സുനി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും, നാട് വിടാൻ സാധ്യതയുണ്ട്, ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ സാധ്യതയുണ്ട് തുടങ്ങിയ വാദങ്ങളാണ് പ്രോസിക്യൂഷൻ നിരത്തിയത്. എന്നാൽ അനന്തമായി വിചാരണയുടെ പേരിൽ ഒരാളെ തടവിൽ വയ്ക്കാൻ കഴിയില്ല എന്ന നിരീക്ഷണം നടത്തിയാണ് സുപ്രിം കോടതി ജാമ്യം നൽകിയത്. ഏഴര വർഷത്തോളമായി സുനിൽ വിചാരണയുടെ ഭാഗമായി തടവിലാണ്.
പ്രോസിക്യൂഷൻ സാക്ഷികളെ വിസ്താരം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിച്ചിട്ടില്ല. ഇതുകൂടി കഴിഞ്ഞാൽ മാത്രമേ അന്തിമവാദം കേൾക്കാനാകൂ. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഏഴര വർഷത്തിനിടയിൽ ഹൈക്കോടതിയിൽ മാത്രം പത്തിലേറെ തവണ ജാമ്യഹർജി സമർപ്പിച്ചു. മൂന്നാം തവണയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ജൂണിൽ തുടർച്ചയായി ജാമ്യഹർജി സമർപ്പിച്ചതിന് ഹൈക്കോടതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ചിരുന്നു. ഒരു ജാമ്യഹർജി തള്ളി 3 ദിവസം കഴിഞ്ഞപ്പോൾ അതേ കാരണങ്ങൾ നിരത്തി വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണു പിഴ വിധിച്ചത്. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യുന്നിനു സഹായിക്കാൻ സുനിലിന് പിന്നിൽ ആരോ ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണു സുനിൽ സുപ്രീം കോടതിയെ സമീപിച്ചത്.
2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.