കാർഷിക നിയമങ്ങൾ പിൻവലിച്ച ദിവസം കിരാതദിനം: കർഷകരെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് സുരേഷ് ഗോപി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ദിവസം അടിയന്തരാവസ്ഥ പോലെ ചരിത്രത്തില്‍ കുറിക്കപ്പെടും

Suresh Gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപി കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. “കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ദിവസം അടിയന്തരാവസ്ഥ പോലെ ചരിത്രത്തില്‍ കുറിക്കപ്പെടും,” എന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വെള്ളായണിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

കാര്‍ഷിക നിയമങ്ങള്‍ തച്ചുടച്ച മഹാന്മാരെല്ലാം എവിടെയാണ്? ഉപഭോക്തൃ സമൂഹം കര്‍ഷകരെ ദൈവമായി കാണുന്നുണ്ടെങ്കില്‍, കാർഷിക നിയമങ്ങൾ തച്ചുടയ്ക്കുക വഴി നിങ്ങൾ ആ കർഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണ്. ചോദ്യം ചെയ്യാൻ ആരെങ്കിലുമുണ്ടെങ്കിൽ വരൂ, പക്ഷെ കാർഷിക നിയമങ്ങൾ എന്താണെന്ന് ആഴത്തിൽ പഠിച്ചിട്ട് വരണം. അദ്ദേഹം വെല്ലുവിളിച്ചു.

കാർഷിക നിയമങ്ങൾ തച്ചുടച്ച ശേഷം കർഷകർ സന്തുഷ്ടരാണോ? ആർക്കെങ്കിലും മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടുണ്ടോ? ആ മൂന്ന് നിയമങ്ങൾ പിൻവലിച്ച ദിവസം അടിയന്തരാവസ്ഥ പോലെ ചരിത്രത്തിൽ കുറിക്കപെട്ട ഒരു കിരാത ദിനമായിരുന്നെന്ന് വ്യക്തമായ ധാരണയോടെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയില്‍ കേരളത്തിലെ എത്ര എം.പിമാര്‍ പങ്കെടുത്തുവെന്ന് അദ്ദേഹം ചോദിച്ചു.

ടൂറിസത്തില്‍ നവസംവിധാനങ്ങള്‍ വരണം. വര്‍ക്കലയും കോവളവും മാത്രമല്ല, മുഴുപ്പിലങ്ങാട് ബീച്ചും പൊന്തിവരണം. ബേക്കല്‍ കേരളത്തെ സംബന്ധിച്ച് തിലകക്കുറിയാണ്. പക്ഷേ, അതിനെ എത്രമാത്രം ടൂറിസം പ്ലാറ്റ്‌ഫോമില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചു? പുതിയ ടൂറിസം ലൊക്കേഷനുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. കൂടാതെ, ടൂറിസം മേഖലയിലെ വികസന പരിപാടികള്‍ കൂടി ഊര്‍ജിതമാക്കേണ്ടതുണ്ടെന്നും, സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അത്യാവശ്യമാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments