തിരുവനന്തപൂരം: മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ പോലീസ് ചോർത്തിയെന്ന ആരോപണത്തിൽ നിജസ്ഥിതി മുഖ്യമന്ത്രി നൽകിയില്ലെങ്കിൽ ഇക്കാര്യം രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാൻ ഗവർണറുടെ ആലോചന. ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ രാജ്യദ്രോഹകുറ്റത്തിൻ്റെ ഗണത്തിൽപ്പെടുന്ന സാഹചര്യത്തിൽ ഈ കാര്യത്തിൽ സ്വീകരിച്ച തുടർ നടപടിയും മുഖ്യമന്ത്രി ഗവർണറെ അറിയിക്കണം.
മന്ത്രിമാർ, മാധ്യമപ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഫോൺ പോലീസ് ചോർത്തിയെന്ന വി.പി. അൻവർ എം.എൽ.എയുടെ ആരോപണത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ഇതിന് ഇന്നലെ വൈകുന്നേരം വരെ സർക്കാർ മറുപടി നൽകിയിട്ടില്ല.ഗുരുതരമായ കുറ്റക്യത്യം പോലീസ് നടത്തിയിട്ടും അന്വഷണം നടത്തി നിജസ്ഥിതി സർക്കാർ തന്നെ അറിയിച്ചില്ലെങ്കിൽ പ്രതിമാസ റിപ്പോർട്ടിനോടൊപ്പം ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുന്നതാണ് ആലോചനയിലുള്ളത്. നേരത്തെ ചീഫ് സെകട്രിയോടുള്ള ചില കാര്യങ്ങളിൽ വിശദീകരണം തേടിയെങ്കിലും അന്നു ചുമതലയുണ്ടായിരുന്ന ഡോ. വി.വേണു ഗവർണർക്കു മറുപടി നൽകിയിരുന്നില്ല.
അൻവറിൻ്റെ ആരോപണം ശരിയെങ്കിൽ അത് മൌലീകവകാശങ്ങളുടെയും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണെന്നാണ് രാജ്ഭവൻ കരുതുന്നത്.അൻവറും ഫോൺ ചോർത്തിയതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.അത് രാജ്യദ്രോഹ പ്രവർത്തനമായി മാത്രമെ കാണാനാകൂവെന്നതിനാൽത്തന്നെ നടപടികൾ കടുപ്പിക്കേണ്ടിവരുമെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്.
17 വരെ സർക്കാർ ഓഫീസുകൾ അവധി ആയതിനാൽ അതുകഴിഞ്ഞേ സർക്കാർ പരിഗണിക്കാൻ ഇടയുള്ളുവെന്നാണ് കരുതുന്നത്. ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 17ന് മടങ്ങിയെത്തും സീതറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിക്ക് പോയി ഇന്നു മടങ്ങിയെത്തും.
കേസന്വഷണത്തിൻ്റെ ഭാഗമായി ഫോൺ ചോർത്തൽ ആഭ്യന്തര സെകട്രിയുടെ അനുമതി വേണം നടപടിക്രമങ്ങൾ പാലിക്കാ തെയാണ് ഫോൺ ചോർത്തൽ നടത്തിയിട്ടുള്ളതെന്നാണ് അൻവറിൻ്റെ ആരോപണം. മലപ്പുറത്ത മോഹൻദാസ് എന്ന പോലീസ് ഉദ്യോഹസ്ഥനെ എസ്.പി സുജിത്ത് ദാസ് ഫോൺ ചോർത്തലിനായി നിയോഗിച്ചിരുന്നുവെന്ന് അൻവർ ആരോപിച്ചിരുന്നു.