സിനിമ ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ കണ്ടെത്തുന്ന കാലമാണിത്. അതിനാല്‍ത്തന്നെ കാസ്റ്റിംഗില്‍ മറുഭാഷാ താരങ്ങളെ ഉള്‍പ്പെടുത്തുന്നത് ഒരു ട്രെന്‍ടായി മാറിയിരിക്കുന്നു. എന്നാല്‍ തമിഴ് സിനിമയെ അപേക്ഷിച്ച് മലയാളം താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പതിവ് എക്കാലവും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ, ഒരു വമ്പൻ കോമ്പിനേഷൻ വീണ്ടും വന്നു കൊണ്ടിരിക്കുന്നതായ സൂചനകളാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ അവസാന ചിത്രം ആയേക്കുമെന്ന് കരുതപ്പെടുന്ന ദളപതി 69 ല്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ ചെയുമെന്നുള്ളതാണ് റിപ്പോർട്ട്. ഇത് സാക്ഷാത്കരിക്കപ്പെട്ടാൽ, 10 വര്‍ഷങ്ങക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാവും ഇത്. 2014 ല്‍ പുറത്തിറങ്ങിയ ജില്ലാ എന്ന ആക്ഷൻ ഡ്രാമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മോഹൻലാലിനൊപ്പം, സിമ്രാനും മമിത ബൈജുവും ചിത്രത്തില്‍ ഉണ്ടാവുമെന്ന റിപ്പോർട്ടുകളുമുണ്ട്. സിമ്രാന്‍റെ കാസ്റ്റിംഗ് വാസ്തവമാണെങ്കില്‍ 24 വര്‍ഷത്തിന് ശേഷം വിജയ്-സിമ്രാൻ ജോഡി വീണ്ടും ഒരുമിക്കുന്നതായി നമുക്ക് കാണാനാകും.
‘ദളപതി 69’ന്റെ സംവിധാനം എച്ച് വിനോദ് ആണ്. സിനിമ ജീവിതം അവസാനിപ്പിക്കുമെന്ന സൂചനകൾ രാഷ്ട്രീയ പ്രവേശനത്തിനൊപ്പം വിജയ് നേരത്തെ നൽകിയിരുന്നു. ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന വെങ്കട് പ്രഭു ചിത്രത്തിന് ശേഷം, വിജയ് ഇനി ഒരു ചിത്രത്തിൽ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു ചില റിപ്പോർട്ടുകൾ.