വേദനകൾ ഇല്ലാത്ത ലോകത്തേക്ക് തന്റെ പ്രാണനായ ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി. ആരുമില്ലെങ്കിലും ഞാനുണ്ട് കൂടെ എന്ന് പറഞ്ഞ് ചേർത്ത് പിടിച്ച സ്നേഹ തണലാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തം സമ്മാനിച്ച കണ്ണുനീർ തോരും മുൻപ് വീണ്ടുമൊരു സങ്കടക്കടൽ അഭിമുഖീകരിക്കേണ്ടി വരികയാണ് വയനാട് സ്വദേശി ശ്രുതിക്ക്. ഉരുൾപൊട്ടൽ നൽകിയ ആഘാതം മറികടക്കാനും ചേർത്ത് പിടിക്കാനും ശ്രുതിക്ക് കൂട്ടായി ജെൻസൻ ഉണ്ടായിരുന്നു, എന്നാൽ ഈ അഗ്നി പരീക്ഷ ശ്രുതി തനിയെ നേരിടണം എന്നാണ് വിധിയെഴുത്ത്.
വയനാട് വെള്ളാരംകുന്നിൽ സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ മരണത്തോട് പൊരുതി വിടവാങ്ങിയത്. ജെൻസന്റെ വേർപാടിൽ ഹൃദയം പിടഞ്ഞ് കണ്ണീരൊഴുക്കുകയാണ് കേരളം മുഴുവൻ. നഷ്ടപ്പെട്ടതിന് പകരമാകാൻ മറ്റൊന്നിനും സാധിക്കില്ല, എങ്കിലും ശ്രുതി തനിച്ചാവുകയില്ല ഈ നാട്ടിലെ ഓരോരുത്തരും കൂടെയുണ്ടെന്ന് പറയുകയാണ് കേരളക്കര ഒന്നാകെ. രാഷ്ട്രീയക്കാരും സിനിമ മേഖലയിൽ നിന്നുള്ളവരുമടക്കം ജെൻസന് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ അടക്കം ശ്രുതിക്കും ജെൻസനും വേണ്ടിയുള്ള പ്രാർത്ഥനകൾ ആയിരുന്നു.
വയനാട് ജില്ലയിലെ വെള്ളാരം കുന്നിൽ വച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ജെൻസൻ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്നു. പരിക്കുകളോടെ രക്ഷപെട്ട ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. സെപ്തംബർ പത്താം തിയതിയാണ് അപകടം ഉണ്ടായത്. ശ്രുതിയും ജെൻസനും സഞ്ചരിച്ച വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാനിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അതേസമയം, വയനാട്ടിലെ മുണ്ടക്കൈയിൽ ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനമ്മമാരെയും അനിയത്തിയെയും ഉൾപ്പെടെ കുടുംബത്തിലെ 9 അംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. ജെൻസനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമായിരുന്നു ശ്രുതിയുടെ ഉറ്റവരെ ഉരുളെടുത്തത്. ആ ദുരിതത്തിൽ നിന്ന് കരകയറും മുൻപ് താങ്ങും തണലുമായി നിന്ന ജെൻസനും വിടപറഞ്ഞു. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.
ജെൻസന്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രിയിൽ തുടരുകയായിരുന്ന ജെൻസണ് വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുകയായിരുന്നു നാടാകെ. എന്നാൽ, പ്രതീക്ഷകളെല്ലാം ബാക്കിയാക്കി ജെൻസൻ മരണത്തിന് കീഴടങ്ങി. അതേസമയം, മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ ശ്രുതിയോടൊപ്പം തോൾചേർന്ന് നടന്ന ജെൻസൻ ക്യാംപിലുണ്ടായിരുന്നവരുടെയെല്ലാം പ്രിയങ്കരനായിരുന്നു. ശ്രുതിയെ ഒരിക്കലും ഒറ്റയ്ക്കാക്കുകയില്ലെന്ന് ജെൻസൻ ഇടക്കിടെ പറയുമായിരുന്നു. ക്യാംപിൽ നിന്നും ശ്രുതി പോയത് ബന്ധുക്കളോടൊപ്പം വാടക വീട്ടിലേക്കായിരുന്നു. വീട്ടിലിരുന്ന് മടുത്ത ശ്രുതിയെ ഒന്ന് ആശ്വസിപ്പിക്കുകയായിരുന്നു ലക്കിടി യാത്രയിലൂടെ ജെൻസൻ ഉദേശിച്ചത്. എന്നാൽ ഈ യാത്ര ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത വിധം ജെൻസനെ നഷ്ടപ്പെടുത്തുമെന്ന് ആരും കരുതിയില്ല.
അതേസമയം, കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ എന്ന് അനുശോചനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.