പിണറായിയുടെ സുരക്ഷ വർധിപ്പിക്കുന്നു; ലക്ഷങ്ങള്‍ ചെലവിട്ടുതുടങ്ങി

ക്ലിഫ് ഹൌസില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ 4.32 ലക്ഷം രൂപ അനുവദിച്ചു.

Kerala CM Pinarayi Vijayan
പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷ ഇനിയും വർധിപ്പിക്കാൻ തീരുമാനം. ക്ലിഫ് ഹൗസിൽ കൂടുതല്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനാണ് നടപടികള്‍ ആരംഭിച്ചത്. സിസിറ്റിവി സ്ഥാപിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ 4.32 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസിൻ്റെ പൊതുമരാമത്ത് വകുപ്പ് സിസിറ്റിവി സ്ഥാപിക്കാൻ ടെണ്ടറും ക്ഷണിച്ചു. സെപ്റ്റംബർ 20 നാണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി. 4.32 ലക്ഷത്തിൻ്റെ സിസിറ്റിവി സ്ഥാപിക്കാനാണ് ടെണ്ടർ ക്ഷണിച്ചത്.

മുഖ്യൻ്റെ ആർഎസ്എസ് ബന്ധം, എഡിജിപിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം സമരം ശക്തിപ്പെടുത്തിയതോടെയാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്. സുരക്ഷയുടെ പേരിൽ പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അഡീഷണലായി സിസിറ്റിവി സ്ഥാപിക്കാനാണ് ഇപ്പോൾ ടെണ്ടർ ക്ഷണിച്ചത്. നിലവിലുളള നിരീക്ഷണ ക്യാമറകൾക്ക് പുറമെയാണിത്.

ഇതിനുള്ള പണം നാല് ലക്ഷം രൂപ കെ എൻ ബാലഗോപാൽ അനുവദിച്ചു കഴിഞ്ഞു. എന്നാൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ചിലവ് നാല് ലക്ഷത്തിൽ ഒതുങ്ങില്ലെന്നാണ് സൂചന. ആവശ്യമെങ്കിൽ വീണ്ടും തുക അനുവദിക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് ഏത് വിവാദമുണ്ടായാലും സംസ്ഥാന സർക്കാരിന്റെ ആദ്യ നടപടി മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയെന്നതാണ്. മുഖ്യനെ സംരക്ഷിക്കാൻ നികുതി പണത്തിൽ നിന്ന് ലക്ഷങ്ങൾ ചിലവാക്കുന്നതിൽ തെറ്റില്ലെന്നാണ് ഇടതുപക്ഷ നയം. ട്രഷറി നിയന്ത്രണം നിലനിന്നാലും ഇല്ലെങ്കിലും എത്ര ലക്ഷം മുടക്കിയും മുഖ്യൻ്റെ സുരക്ഷ ഉറപ്പാക്കുക എന്നത് തന്നെയാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന നയം.

ആർഎസ്എസ് ബന്ധത്തിൻ്റെ കാര്യത്തിൽ ഇത്തിരി നയവ്യതിയാനം സംഭവിച്ചാലും മുഖ്യനെ പൊന്നുപോലെ കാക്കുന്ന കാര്യത്തിൽ അണുവിട ചലിക്കണ്ടെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനം. പിണറായിക്ക് യാത്ര ചെയ്യാൻ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാമെങ്കിൽ പിന്നെ കുറച്ച് സുരക്ഷാ ക്യാമറയാണോ നടക്കാത്തത്. അധികാരം ഉണ്ടെങ്കിൽ എന്തും നടത്താം എന്ന് കേരളത്തിന് കാണിച്ചുതന്നത് തന്നെ പിണറായി സർക്കാരാണ്.

വയനാട് പുനർനിർമ്മിതി, റോഡുപണി, ജീവനക്കാരുടെ ശമ്പളം, ക്ഷാമബത്ത, പെൻഷൻ, സാമൂഹ്യസുരക്ഷ പെൻഷൻ അങ്ങനെ എന്തൊക്കെ മുടങ്ങിയാലും മുഖ്യൻറെ സുരക്ഷയ്ക്കും ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാനും കൃത്യമായി നടപ്പാക്കുന്നത് സർക്കാർ ഉറപ്പാക്കും എന്നതിൽ ആർക്കും സംശയം വേണ്ട.

വേണ്ടിവന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകരെ അണിനിരത്തി മുഖ്യൻ്റെ രക്ഷാപ്രവർത്തനം പാർട്ടി ഏറ്റെടുക്കാനും സാധ്യതയുണ്ട്. എന്തൊക്കെ ആരോപണം വന്നാലും അന്വേഷണമോ നടപടിയോ എടുക്കാതെ അധികാരത്തിൽ കടിച്ച് തൂങ്ങി കിടക്കുന്നത് പിണറായിക്ക് ഒരു ശീലമായി. എന്തായാലും നികുതിപ്പണം ഇഷ്ട്ടാനുസാരം ഉപയോഗിക്കാനുള്ള അവസരം പാർട്ടിയിലെ മറ്റാർക്കും വിട്ട് കൊടുക്കാൻ അദ്ദേഹം തയ്യാറല്ല. വേണമെങ്കിൽ സ്തുതി പാടകർക്ക് അഞ്ചോ പത്തോ എറിഞ്ഞ് കൊടുത്ത് ഓണക്കാലത്ത് ഒരു തിരുവാതിരപ്പാട്ട് കൂടി ഏർപ്പാട് ചെയ്യാനും മടിക്കില്ല.

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ നേരിൽ കണ്ട് കരാർ ഉറപ്പിച്ച പോലെ മുഖ്യൻറെ സംരക്ഷണം ആർഎസ്എസും ബിജെപിയും ഏറ്റെടുക്കുമോ എന്നും കണ്ടറിയണം. അതുകൊണ്ട് തന്നെ ആർഎസ്എസ് പിൻസീറ്റ് ഡ്രൈവിങ് നടത്തുന്ന കമ്മ്യൂണിസ്റ്റ് ഭരണം സംരക്ഷിച്ച് പിടിക്കാൻ കേന്ദ്രത്തിൽ നിന്ന് കരിമ്പൂച്ചകളെ ഇറക്കാനും സാധ്യതയുണ്ട്.

എല്ലാ ഐശ്വര്യത്തിൻ്റെയും കാരണഭൂതനായ മുഖ്യനെ പൊന്നു പോലെ കാക്കാൻ പ്രതിജ്ഞാബദ്ധമാണ് ഇടതുമുന്നണി. സ്വന്തം പാർട്ടി നയം അറബിക്കടലിൽ തള്ളിയാലും അധികാരത്തിൻറെ പങ്കുപറ്റി എന്തെങ്കിലും നേട്ടം ഉറപ്പിക്കാനാകുമോ എന്ന ശ്രമത്തിലാണ് സിപിഐ, ആർജെഡി തുടങ്ങിയ ഘടക കക്ഷികളും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments